
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന് പല കാരണങ്ങളുണ്ടെന്ന് പിണറായി വിജയൻ. ഒന്നിച്ചുനിന്നാൽ തിരിച്ചുവരാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇടതുമുന്നണി യോഗത്തിലാണ് പിണറായി വിജയൻ പരാജയത്തെ കുറിച്ച് പ്രതികരിച്ചത്. തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായാണ് പിണറായി വിജയൻ തോൽവിയിൽ പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ഇടതു വിരുദ്ധ വികാരത്തിന് പല കാരണമുണ്ട് എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും യോഗത്തിൽ പിണറായി പ്രത്യാശ പ്രകടിപ്പിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് മുന്നണി പരാജയപ്പെടാൻ കാരണമെന്ന് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ല.
സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം സെക്രട്ടേറിയറ്റ് നേരത്തെ വിലയിരുത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോളം നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദമായ വിലയിരുത്തൽ ഉണ്ടായത്. അടിത്തറ നഷ്ടമായ അവസ്ഥയിൽ ആണ് സിപിഎം ഉള്ളതെന്ന് നേതൃത്വം മനസിലാക്കണമെന്നാണ് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. പാർട്ടിക്കുണ്ടായ കനത്ത തോൽവിയിൽ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തിരുത്തലുകൾ പോരെന്നും കാരണം എന്തെന്ന് അന്വേഷിക്കേണ്ടത് കീഴ്ഘടകങ്ങളിൽ നിന്നാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.
അണികളുടെ വികാരം മനസിലാക്കാൻ കഴിയാതെ പോയതാണ് പാർട്ടി നേതൃത്വത്തിന് സംഭവിച്ച പരാജയം എന്നും അതു മനസ്സിലാക്കി മുന്നോട്ടു പോകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിശദമായി നിലപാട് രേഖപ്പെടുത്തണമെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബി ആവശ്യപ്പെട്ടതോടെയാണ് യോഗം രാത്രിയിലും നീണ്ടത്. കണക്കുകൾ നിരത്തി തോൽവിയെ ലഘൂകരിക്കാൻ നേതാക്കൾ ശ്രമിക്കരുതെന്നും ജനങ്ങളോട് പറയുമ്പോഴും വീഴ്ച ഉണ്ടായത് പറയണമെന്നും ബേബി ആവശ്യപ്പെട്ടു. താഴേത്തട്ട് മുതലുള്ള പാർട്ടി പ്രവർത്തകരെ കേൾക്കുമെന്നും ആഴത്തിൽ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്നായിരുന്നു തിരിച്ചടിക്ക് ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായിരുന്നില്ല.










