02:29am 09 November 2026
NEWS
‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’; പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ ഇ.ഡി കേസ് പ്രതിയും
23/08/2026  06:22 AM IST
nila
‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’; പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ ഇ.ഡി കേസ് പ്രതിയും

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ ഇ.ഡി ആക്രമണക്കേസിലെ പ്രതി പങ്കെടുത്തത് വിവാദത്തിൽ. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ സിപിഎം നേതാവ് ഐ.പി. ബിനു ഊഞ്ഞാലാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’ എന്ന കുറിപ്പോടെയാണ് ബിനു വിഡിയോ പങ്കുവച്ചത്.

സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവഡ എ. ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. ബിനുവടക്കം ഇ.ഡി ആക്രമണക്കേസിലെ ഇരുപതോളം പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷത്തിൽ പങ്കെടുത്തതായാണ് കണ്ടെത്തൽ.

ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ബിനുവും എത്തിയത്. പൊലീസുകാർക്ക് വസ്ത്രം വാങ്ങുന്നതിനൊപ്പം ബിനുവിനും വസ്ത്രം വാങ്ങിയെന്നാണ് വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ് വസ്ത്രം ബിനുവിന് കൈമാറിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ. പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു പ്രശാന്ത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്റ്റേഷൻ ചുമതല ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഓണാഘോഷം.

ഇ.ഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനുവടക്കമുള്ള പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്നതാണ് ജാമ്യവ്യവസ്ഥ. ഇതിന്റെ ഭാഗമായി രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമാണ് ബിനുവടക്കമുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img