07:16pm 13 May 2026
NEWS
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.
13/05/2026  04:17 PM IST
ചെറുകര സണ്ണിലൂക്കോസ്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.

 

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഷെയര്‍ മാര്‍ക്കറ്റ് തകര്‍ന്നു. മോദിയുടെ പ്രസംഗത്തെ തുടര്‍ന്ന് 6.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്തെന്നപോലെ യാത്രകള്‍ വേണ്ടെന്നുവയ്ക്കാനും, വീട്ടിലിരുന്ന് പണിയെടുക്കാനും, ചെലവ് ചുരുക്കാനും രാജ്യത്തോട് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരിക്കുകയാണ്. കോവിഡ് കാലത്തെ ഇത്തരമൊരു സമീപനത്തിന്റെ ഫലം എന്തായിരുന്നൂവെന്ന് നമുക്ക് അറിയാം. അക്കാലത്തെ രൂക്ഷമായ സാമ്പത്തിക മുരടിപ്പ് ഒരളവോളം രാജ്യത്തെ വീണ്ടും ഗ്രസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് മോദി പറയാതെ പറഞ്ഞുവയ്ക്കുന്നത്.

മോദിയുടെ പ്രസംഗത്തെ തുടര്‍ന്ന് ഓഹരി കമ്പോളം ഇടിഞ്ഞു. 6.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായത്. രൂപയുടെ മൂല്യവും ഡോളറിന് 95.5 രൂപയ്ക്കപ്പുറം കടന്നു. വരാന്‍ പോകുന്ന പ്രതിസന്ധിയുടെ നാന്ദിയാണിത്.

ആഗോളമായിത്തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വലുതാണ്. ഐഎംഎഫ് ആഗോള ജിഡിപി വളര്‍ച്ച 2026-ല്‍ 3.1 ശതമാനമായി താഴ്ത്തിയിട്ടുണ്ട്. ഇറാന്‍ യുദ്ധം നീണ്ടാല്‍ വളര്‍ച്ച 2 ശതമാനം വരെ ചുരുങ്ങാം. പല രാജ്യങ്ങളും മാന്ദ്യത്തിലാകും.

ഇത്തരമൊരു മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് മോദി മുണ്ട് മുറുക്കിയുടുക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ഇത്തരമൊരു സമീപനം സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ മന്ദീഭവിപ്പിക്കത്തേയുള്ളൂ. അല്ലെങ്കില്‍ തന്നെ ഇന്ത്യയിലെ സാമ്പത്തിക ഉത്തേജനത്തിന് ഒരു വിലങ്ങുതടി സ്വകാര്യ ഉപഭോഗച്ചെലവ് വേണ്ടത്ര ഉയരാത്തതാണ്. ഈയൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി ചെയ്യേണ്ടത് പെട്രോളിയം ഉല്പന്നങ്ങളുടെ മേലുള്ള നികുതികള്‍ ഇനിയും വെട്ടിക്കുറച്ച്‌ വിലക്കയറ്റത്തെ തടയുകയാണ്. പാചകവാതകത്തിന്റെ വില കൂട്ടി. ഇനി അടുത്ത ഊഴം ഡീസലിന്റെതും പെട്രോളിന്റെതുമാണ്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര പരിഭ്രാന്തനായി ജനങ്ങളോട് വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്? കാരണം വിദേശത്തു നിന്നുള്ള സ്വര്‍ണ്ണത്തിന്റെയും മറ്റു ഉല്പന്നങ്ങളുടെയും ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ദ്ധിപ്പിക്കും. ഇതിനു പുറമേയാണ് എണ്ണയുടെ വിലക്കയറ്റം. 10 ഡോളര്‍ എണ്ണയ്ക്ക് വില ഉയര്‍ന്നാല്‍ 1500 കോടി ഡോളര്‍ ഇറക്കുമതി ചെലവ് ഉയരും.

രാജ്യത്തിന്റെ അടവുശിഷ്ട കമ്മി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ദേശീയ വരുമാനത്തിന്റെ 2 ശതമാനമായിട്ടുണ്ട്. ഈ കമ്മി നികത്താനുള്ള വിദേശ നാണയ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. 69000 കോടി ഡോളറാണ് സമീപകാലത്ത് ഇടിവുണ്ടായിട്ടും ഇപ്പോഴത്തെ വിദേശ നാണയശേഖരം. ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനമുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ലായെന്നാണ് മോദി പറയുക.

എന്നാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ ഒരു ചതിക്കുഴിയുണ്ട്. ഇതിന്റെ 65 ശതമാനം ഹ്രസ്വകാല വായ്പകളും ഊഹക്കച്ചവട മൂലധനമോ ആണ്. ചൈയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവിടെയാണ്. ചൈനയിലെ വിദേശനാണയ ശേഖരം ഉയര്‍ന്ന കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള വ്യാപാര മിച്ചത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യയില്‍ വ്യാപാര കമ്മി ആണെന്നു പറഞ്ഞുവല്ലോ. ഇന്ത്യയുടെ വിദേശ നാണയ ശേഖരം എപ്പോള്‍ വേണമെങ്കിലും കാറ്റ് പോയ ബലൂണ്‍ പോലെ ആയിത്തീരാം.

അടവുശിഷ്ട കമ്മിയുടെ ലക്ഷമണരേഖയായി കരുതുന്നത് ജിഡിപിയുടെ 3 ശതമാനമാണ്. അത് കടന്നാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നു പിന്‍വാങ്ങാന്‍ തുടങ്ങും. രാജ്യത്തിന്റെ വിദേശ വിനിമയ സ്ഥിതി 1991-ലേതുപോലെ തകരാം. അതുകൊണ്ടാണ് വ്യാപാര കമ്മിയെ നിയന്ത്രിക്കുന്നതിന് ഇന്ത്യക്കാര്‍ സ്വമേധയാ വിദേശ വസ്തുക്കള്‍ വാങ്ങേണ്ടായെന്നു തീരുമാനിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img