02:35am 23 May 2026
NEWS
ജില്ലാ കമ്മിറ്റി “വാസവൻ ഫാൻസ് അസോസിയേഷൻ”; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോ​ഗത്തിൽ രൂക്ഷ വിമർശനം
20/05/2026  01:46 PM IST
nila
 ജില്ലാ കമ്മിറ്റി “വാസവൻ ഫാൻസ് അസോസിയേഷൻ”; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോ​ഗത്തിൽ രൂക്ഷ വിമർശനം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. മറ്റ് ജില്ലകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു പ്രധാനമായും വിമർശനമെങ്കിൽ, കോട്ടയത്ത് ജില്ലാ നേതാക്കളുടെ പ്രവർത്തനശൈലിയാണ് കൂടുതൽ ചർച്ചയായത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ വി എൻ വാസവന് ബാർ ഉടമകളുമായുള്ള അടുത്ത ബന്ധം സംബന്ധിച്ച വിമർശനങ്ങൾ യോഗത്തിൽ ഉയർന്നു. ട്രാൻസ്ഫർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബാർ ലോബിയുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇവർ മുൻനിരയിൽ നിന്നുവെന്നും ചില അംഗങ്ങൾ ആരോപിച്ചു. മണ്ഡലത്തിൽ സംഘടിപ്പിച്ച ഗാനമേളകളും മറ്റ് പരിപാടികളും പാർട്ടിയുമായി ആലോചിക്കാതെയാണെന്ന വിമർശനവും ഉണ്ടായി. ജില്ലാ കമ്മിറ്റി “വാസവൻ ഫാൻസ് അസോസിയേഷൻ” പോലെ പ്രവർത്തിച്ചുവെന്ന വിമർശനവും അംഗങ്ങൾ ഉന്നയിച്ചു.

ജില്ലയിൽ വ്യാപകമായി ആരംഭിച്ച ബാറുകൾ പരമ്പരാഗത ചെത്തുതൊഴിലിനെയും ഷാപ്പുകളെയും ബാധിച്ചുവെന്നും, ഇതിലൂടെ ഉപജീവനം നഷ്ടപ്പെട്ടവർ പാർട്ടിക്കെതിരെ തിരിഞ്ഞുവെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. കുമരകം, തിരുവാർപ്പ് പോലുള്ള ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫ് വൻ ലീഡ് നേടിയത് പാർട്ടി പ്രവർത്തകരുടെ വോട്ടുമാറ്റത്തിന്റെ സൂചനയാണെന്ന വിലയിരുത്തലും ഉണ്ടായി. നേതാക്കൾ സാധാരണ പ്രവർത്തകരിൽ നിന്ന് അകന്നുപോയെന്ന വിമർശനവും ഉയർന്നു.

കോട്ടയത്ത് മത്സരിച്ച അനിൽകുമാറിന്റെ സ്ഥാനാർഥിത്വവും പാർട്ടിക്ക് തിരിച്ചടിയായെന്നാണ് ചിലരുടെ അഭിപ്രായം. ചാനൽ ചർച്ചകളിലെ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായതെന്നും, മാധ്യമങ്ങൾ അദ്ദേഹത്തിന് മോശം ഇമേജ് സൃഷ്ടിച്ചുവെന്നുമാണ് വിമർശനം. ഇനി മുതൽ എല്ലാ ചാനൽ ചർച്ചകളിലും നേതാക്കൾ പങ്കെടുക്കേണ്ടതില്ലെന്ന നിർദേശവും ചിലർ മുന്നോട്ടുവച്ചു.

പാർട്ടി ജില്ലാ സെക്രട്ടറിയെതിരെയും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നില്ലെന്നും, ചില യോഗങ്ങളിൽ പേരിനുവേണ്ടി മാത്രം പങ്കെടുത്തുവെന്നുമാണ് ആരോപണം. ജില്ലയിലെ സംസ്ഥാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും പാർട്ടിയെ ബാധിച്ചുവെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പുറത്തുനിന്ന് പ്രചാരണം നയിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. വിജയിച്ച പോളിറ്റ് ബ്യൂറോ അംഗം ഉള്ള സാഹചര്യത്തിൽ മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നും, അതിനാൽ പിണറായി തന്നെ ആ സ്ഥാനത്ത് തുടരണമെന്ന നിലപാടും ചിലർ പങ്കുവച്ചു. എന്നാൽ ഇതിനെ എതിർക്കുന്ന ശബ്ദങ്ങളും യോഗത്തിലുണ്ടായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പ്രവർത്തനശൈലിയും അയ്യപ്പസംഗമം പോലുള്ള പരിപാടികളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലും ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img