02:15am 03 June 2026
NEWS

കൊല്ലത്ത് സിപിഎം വനിതാ നേതാവ് മുസ്ലീം ലീ​ഗിൽ ചേർന്നു; സുജ ചന്ദ്രബാബു നിയമസഭയിലേക്ക് മത്സരിച്ചേക്കും

22/01/2026  01:42 PM IST
nila
 കൊല്ലത്ത് സിപിഎം വനിതാ നേതാവ് മുസ്ലീം ലീ​ഗിൽ ചേർന്നു; സുജ ചന്ദ്രബാബു നിയമസഭയിലേക്ക് മത്സരിച്ചേക്കും

കൊല്ലത്ത് സിപിഎം വനിതാ നേതാവ് മുസ്ലീം ലീ​ഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയം​ഗവും അഞ്ചൽ സ്വദേശിനിയുമായ സുജ ചന്ദ്രബാബു ആണ് മുസ്ലീം ലീ​ഗിൽ ചേർന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ഷിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി സുജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

എം.എ. ചരിത്ര ബിരുദധാരിയായ സുജ ചന്ദ്രബാബു, പുനലൂർ ശ്രീനാരായണ കോളേജിൽ ഗസ്റ്റ് ലെക്ചററായി പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് ദീർഘകാല അനുഭവമുള്ള അവർ, മൂന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും, ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുമുണ്ട്.

63 വയസ്സുള്ള സുജ ചന്ദ്രബാബു ഈഴവ സമുദായാംഗമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുജ ലീ​ഗ് സ്ഥാനാർത്ഥിയാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബന്ധപ്പെട്ട്, മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് സ്ഥാനാർത്ഥികളെ ഇക്കുറി മുസ്ലീം ലീ​ഗ് പരിഗണിക്കാനാണ് ആലോചന. തെക്കൻ ജില്ലകളിൽ നിന്ന് രണ്ട് സീറ്റുകളെങ്കിലും ആവശ്യപ്പെടണമെന്ന നിലപാടും പാർട്ടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സീറ്റുകൾ നൽകുന്നതും പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ്, കൊല്ലം ജില്ലയിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിയായി സുജ ചന്ദ്രബാബു മത്സരിക്കാനുള്ള സാധ്യത ശക്തമാകുന്നത്. 

മുമ്പ് ഇരവിപ്പുറം മണ്ഡലത്തിൽ നിരവധി തവണ വിജയിച്ചിട്ടുള്ള മുസ്ലിം ലീഗ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുനലൂരിൽ മത്സരിച്ചിരുന്നു. അന്ന് സ്ഥാനാർത്ഥിയായ അബ്ദുറഹിമാൻ രണ്ടത്താണി 37,057 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇത്തവണ കോൺഗ്രസിന്റെ ചടയമംഗലവുമായി മുസ്ലീം ലീഗ് പുനലൂർ വെച്ച് മാറും എന്നും സൂചന ഉണ്ട്. മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ആകെ രണ്ട് വനിതകൾക്കാണ് നിയമസഭാ സീറ്റ് നൽകിയിട്ടുള്ളത്. ഖമറുന്നീസ അൻവർ 1996 ൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്നും മത്സരിച്ചു. എളമരം കരീമിനോട് 8766 വോട്ടിന് പരാജയപ്പെട്ടു. നൂർബീന റഷീദ് 2021 ൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നും ജനവിധി തേടി. അഹമ്മദ് ദേവർകോവിലിനോട് 12459 വോട്ടിന് പരാജയപ്പെട്ടു.

 

സിപിഎമ്മിൽ നിന്നുള്ള ഒരു മുതിർന്ന വനിതാ നേതാവിന്റെ പാർട്ടി മാറ്റം, കൊല്ലം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img