
കൊച്ചി: സിപിഎം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ടി എച്ച് മുസ്തഫ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം എല്ലാ കാലഘട്ടത്തിലും വർഗീയതയെ കൂട്ടുപിടിച്ചാണ് അധികാരത്തിൽ എത്തിയിട്ടുള്ളത്. പി സി ജോർജിനെതിരെ കേസ് എടുത്തതല്ലാതെ അതിൽ യാതൊരു തുടർ നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. അത് സിപിഎം പിന്തുടരുന്ന വർഗീയ അജണ്ടകളുടെ നേർസാക്ഷ്യമാണ്. സംഘപരിവാർ എന്താണോ പറയുന്നത് അതുതന്നെയാണ് സിപിഎമ്മും പറയുന്നത്. വയനാട് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയ ശക്തികൾ ആണെന്ന സിപിഎം നേതാവ് എ വിജയരാഘവന്റെ പ്രതികരണമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അധികാരത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള കുറുക്കുവഴിയായി വർഗീയതയെ താലോലിക്കുന്ന സമീപനം സിപിഎം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി എച്ച് മുസ്തഫ ദീർഘവീക്ഷണമുള്ള നേതാവും ജനപ്രതിനിധിയും ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ നടപ്പിലാക്കിയ പല പ്രവർത്തനങ്ങളും നാടിനെ വികസനക്കുതിപ്പിലേക്ക് നയിച്ചിട്ടുണ്ട്. എല്ലാവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ടി എച്ച് മുസ്തഫയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കെ മുരളീധരൻ എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ,
ബി എ അബ്ദുൽ മുത്തലിബ്, എൻ വേണുഗോപാൽ, കെ പി ധനപാലൻ , ഡൊമിനിക് പ്രസന്റേഷൻ,ടി എം സക്കീർ ഹുസൈൻ , കെ പി ഹരിദാസ് , ജയ്സൺ ജോസഫ്,ഐ കെ രാജു, ടോണി ചമ്മണി, കെഎം സലീം, ചാൾസ് ഡയസ്,വര്ഗീസ് ജോർജ് പള്ളിക്കര , ജോസഫ് ആന്റണി , സേവ്യർ തയ്യങ്കേരി , എം എ ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, എം ഒ ജോൺ എന്നിവർ സംസാരിച്ചു









