
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ദേശീയ പാർട്ടികൾ നോട്ടയ്ക്കും പിന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂർണായും പുറത്തുവരുമ്പോൾ ഒരുപാർട്ടിയിലും താത്പര്യമില്ലെന്ന് കാണിച്ച് നോട്ടയ്ക്ക് (NOTA) വോട്ട് ചെയ്തത് 0.56 ശതമാനം വോട്ടർമാരാണ്. എന്നാൽ, ദേശീയ പാർട്ടികളായ സിപിഎമ്മും ബിഎസ്പിയും നേടിയത് ഇതിലും കുറവ് വോട്ടുകളാണ്. ബിഎസ്പി 0.55 ശതമാനം വോട്ട് നേടിയപ്പോൾ സിപിഎം വെറും 0.01 ശതമാനം വോട്ടുകളാണ്. മറ്റൊരു പ്രധാന ഇടത് പാർട്ടിയായ സിപിഐക്കും 0.01 ശതമാനം വോട്ടുകളേ സമാഹരിക്കാനായുള്ളു.
കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു ഡൽഹിയിൽ വോട്ടെടുപ്പ്. 60.54 ആയിരുന്നു പോളിംഗ് ശതമാനം. ഒന്നരക്കോടി വോട്ടർമാരുണ്ടായിരുന്നെങ്കിലും 94.5 ലക്ഷത്തോളം പേരായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ചത്.70 സീറ്റുകളിൽ 48 ഇടത്തും വിജയം ബിജെപിക്കൊപ്പമായിരുന്നു. 22 മണ്ഡലങ്ങളാണ് ഭരണകക്ഷിയായ ആംആദ്മിയെ പിന്തുണച്ചത്. കോൺഗ്രസിന് ഇത്തവണയും സീറ്റില്ല. അതേസമയം, കോൺഗ്രസിന്റെ വോട്ടുശതമാനം നേരിയതോതിൽ വർദ്ധിച്ചിട്ടുണ്ട്.











