11:08pm 24 October 2026
NEWS
തീവ്ര ന്യൂനപക്ഷ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് സിപിഎം

03/02/2025  04:52 PM IST
nila
തീവ്ര ന്യൂനപക്ഷ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് സിപിഎം

ന്യൂഡൽഹി: തീവ്ര ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് സിപിഎം. പാർട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വർഗീയ ശക്തികളുമായി ന്യൂനപക്ഷ വർഗീയതയെ തുലനം ചെയ്യാൻ കഴിയില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.  ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ ഹിന്ദുത്വശക്തികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലെ അകൽച്ചയും ഭയവും പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സിപിഎം രാഷ്ട്രീയ റിപ്പോർട്ടിന്റെ കരടിൽ ചൂണ്ടിക്കാട്ടുന്നു. 

കോൺഗ്രസ് പാർട്ടിക്ക് രാജ്യത്താകമാനം മുസ്ലിങ്ങളുടെ പിന്തുണ നേടാനാകുന്നുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാൻ മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ലോക്‌സഭയിലെ അംഗസംഖ്യ 44 -ൽ നിന്ന് 100 -ലേക്ക് ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞെങ്കിലും അടിസ്ഥാന പിന്തുണയിൽ കാര്യമായ വളർച്ച ഉണ്ടായിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപെട്ടു. പഞ്ചാബ്, ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളിൽ ദുർബലപ്പെട്ടു. കർണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് വിജയിച്ച് അധികാരത്തിൽ എത്താൻ കോൺഗ്രസിന് സാധിച്ചതെന്നും കരടിൽ വിശദീകരിച്ചിട്ടുണ്ട്.

കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ രാഷ്ട്രീയമായും പ്രത്യശാസ്ത്രപരമായും പാർട്ടിക്കുണ്ടായ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. ഉത്സവങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവയിൽ സജീവമായി ഇടപെട്ട് വർഗീയ ശക്തികളെ ചെറുക്കണമെന്നും കരടിൽ നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img