10:46am 13 November 2026
NEWS
പരാജയഭീതി മൂലം സിപിഎമ്മിന് ഭ്രാന്തിളകി, ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കൽ മുഹമ്മദ്‌ ഷിയാസ്
29/11/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരാജയഭീതി മൂലം സിപിഎമ്മിന് ഭ്രാന്തിളകി, ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കൽ മുഹമ്മദ്‌ ഷിയാസ്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഉന്നയിച്ച ആക്ഷേപം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വർഗീയതയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഏഴായിരത്തിലധികം വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. പറവൂരിൽ ഏതെങ്കിലും വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ എന്തിനാണ് സിപിഎമ്മിന് ഇത്ര അസ്വസ്ഥത. ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ലാത്തതിന് സിപിഎം ജില്ലാ സെക്രട്ടറി വാവിട്ടു കരയുകയാണ്. സിപിഎം മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എസ് ശർമയുടെ ഭാര്യയ്ക്ക് പറവൂർ മുനിസിപ്പാലിറ്റിയിലേക്ക് പാർട്ടി ചിഹ്നം പോലും സിപിഎം നൽകിയില്ല. ഉയർന്ന നേതാവിന്റെ ഭാര്യ പോലും മത്സരിക്കുന്നത് കപ്പും സോസറും ചിഹ്നത്തിലാണ്. ജില്ലയുടെ പല ഭാഗത്തും നല്ലൊരു ശതമാനം സ്ഥാനാർത്ഥികളും സ്വതന്ത്രചിഹ്നങ്ങളിൽ ആണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ വർഗീയവാദികളുടെ വോട്ട് ലഭിക്കാത്തതുകൊണ്ടാണോ സ്വതന്ത്രചിഹ്നങ്ങളിൽ മത്സരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കണം.  ജില്ലയുടെ പലഭാഗത്തും ബിജെപിക്ക് സ്ഥാനാർത്ഥികളെ പോലും ലഭിക്കുന്നില്ലെങ്കിൽ ജനങ്ങൾ അത്രകണ്ട് സംഘപരിവാർ രാഷ്ട്രീയത്തെ അവഗണിക്കുന്നത് കൊണ്ടാണ്. കോൺഗ്രസും യുഡിഎഫും നിരന്തരമായി വർഗീയതക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ ബിജെപിയെ പടിക്ക് പുറത്തു നിർത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ബിജെപിക്ക് സ്ഥാനാർഥികളെ ഉണ്ടാക്കി കൊടുക്കുന്ന പണിയല്ല പറവൂരിലെയും എറണാകുളം ജില്ലയിലെയും കോൺഗ്രസിന്റേത്. വർഗീയവാദികളുമായി ഒരുകാലത്തും  കേരളത്തിൽ കോൺഗ്രസും യുഡിഎഫും സഖ്യം ഉണ്ടാക്കിയിട്ടില്ല. അങ്ങനെ ഏതെങ്കിലും അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സിപിഎം മാത്രമാണ്.  വർഗീയ പാർട്ടികളുമായി  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മുൻ തെരഞ്ഞെടുപ്പുകളിൽ വലിയതോതിലുള്ള ധാരണ വെച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. ഇപ്പോഴും അത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ സിപിഎം പല സ്ഥലങ്ങളിലും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വർഗീയവാദികളുടെയും ലക്ഷ്യം കോൺഗ്രസ് തകരുക എന്നത് തന്നെയാണ്. അതേ ലക്ഷ്യം തന്നെയാണ് സിപിഎമ്മിനും ഉള്ളത്. ആ ലക്ഷ്യം വിലപ്പോകില്ലെന്നും  സിപിഎമ്മിന്റെ നാടകങ്ങൾ ജനം തിരിച്ചറിയുമെന്ന് മുഹമ്മദ്‌ ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img