
തിരുവനന്തപുരം: സിപിഎമ്മിനും പാർട്ടി നേതാക്കൾക്കുമെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളും വ്യാജവാർത്തകളും നിയമപരമായി നേരിടാൻ പ്രത്യേക ലീഗൽ സെൽ രൂപീകരിച്ച് സിപിഎം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് സെല്ലിന്റെ ചുമതല നൽകിയിരിക്കുന്നത്. സിപിഎം വിപുലീകൃത കമ്മിറ്റി മുന്നോട്ടുവച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.
ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലായിരിക്കും ലീഗൽ സെല്ലിന്റെ പ്രവർത്തനം. ഇവർ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് നിയമപരമായ ഇടപെടലുകൾ ഏകോപിപ്പിക്കുക. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഭിഭാഷകരുടെ കൂട്ടായ്മകൾക്കും രൂപം നൽകിയിട്ടുണ്ട്.
മുന്നൂറോളം അഭിഭാഷകർ നിലവിൽ ഈ സംവിധാനത്തിന്റെ ഭാഗമാണ്. സിപിഎമ്മുമായി നേരിട്ട് ബന്ധമില്ലാത്ത പ്രമുഖ അഭിഭാഷകരും കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ നിയമപരമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമം ഉപയോഗിച്ചുള്ള ഇടപെടലുകൾക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും ലീഗൽ സെല്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾ കണ്ടെത്തി പ്രതിരോധിക്കുന്നതിനും ആവശ്യമായ നിയമനടപടികൾ വേഗത്തിൽ ഏകോപിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.










