തർക്കിക്കാൻ നിൽക്കരുത്, ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം; സിപിഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടിക്ക് മാർഗനിർദ്ദേശം ഇങ്ങനെ..

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം ആരംഭിച്ച ഗൃഹസമ്പർക്ക പരിപാടിയിൽ നേതാക്കൾക്കായി കർശന പെരുമാറ്റച്ചട്ടം. ജനങ്ങളുമായി തർക്കത്തിലേർപ്പെടരുത്, അവരുടെ അഭിപ്രായങ്ങൾ ഇടയിൽ തടസ്സപ്പെടുത്തരുത്, വിമർശനങ്ങൾ ക്ഷമാപൂർവ്വം കേട്ട് മറുപടി നൽകണം തുടങ്ങിയ നിർദേശങ്ങളാണ് പാർട്ടി നൽകിയിരിക്കുന്നത്. ജനുവരി 15ന് ആരംഭിച്ച ഗൃഹസന്ദർശനം ഈ മാസം 25 വരെ തുടരും.
ചെറിയ സംഘങ്ങളായാണ് വീടുകൾ സന്ദർശിക്കേണ്ടത്. വീട്ടുകാരുമായി പരിചയമുള്ളവർ സ്‌ക്വാഡിലുണ്ടാകണം. വീടിനകത്ത് ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം. കുടുംബമേധാവികൾക്ക് വേണ്ട പരിഗണന നൽകി എല്ലാ അംഗങ്ങളുമായി സംവദിക്കണമെന്നും നിർദേശമുണ്ട്. കുടുംബത്തിന്റെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കിയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്.
സംവാദത്തിന് തുടക്കം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നാകുന്നത് ഉചിതമാണെന്ന് പാർട്ടി പറയുന്നു. തിരിച്ചടി ഉണ്ടായ ഇടങ്ങളിൽ കാരണം അന്വേഷിച്ചായിരിക്കണം സംസാരത്തിന്റെ തുടക്കം. പൊതുധാരണയുള്ളവരായാൽ തെരഞ്ഞെടുപ്പിന്റെ സമഗ്ര സാഹചര്യവും ചർച്ച ചെയ്യാം. പാർട്ടിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നു പറയാൻ പ്രോത്സാഹിപ്പിക്കുകയും, ഇടയിൽ കയറി സംസാരിക്കാതെ ശ്രദ്ധപൂർവ്വം കേൾക്കണമെന്നും നിർദേശമുണ്ട്.
തർക്കത്തിലൂടെ ജയിക്കാനുള്ള ശ്രമമല്ല, മറിച്ച് ജനങ്ങളുടെ നിലപാടുകൾ മനസ്സിലാക്കി ശരിയായ ധാരണകൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നു. പാർട്ടിയുമായി അകന്നുപോയ സഖാക്കളുമായി തുറന്ന സംവാദത്തിനും ബന്ധം പുനഃസ്ഥാപിക്കാനും ശ്രമിക്കണം.
വർഗ്ഗീയ സംഘടനകളെ വിമർശിക്കുന്നത് മതവിരുദ്ധതയല്ലെന്ന കാര്യവും വ്യക്തമായി പറയണമെന്ന് നിർദേശമുണ്ട്. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു വിശ്വാസത്തിനെതിരല്ലെന്നും, ജമാഅത്തെ ഇസ്ലാമിയെയും ലീഗിനെയും വിമർശിക്കുന്നത് ഇസ്ലാമിനെതിരല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. കാസ പോലുള്ള സംഘടനകൾ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രത്യേക ശ്രദ്ധ നൽകണമെന്നും പാർട്ടി നേതാക്കൾക്ക് നിർദേശം നൽകി.











