
ആലപ്പുഴ: സിപിഎമ്മുമായി ഉണ്ടായ ഭിന്നതയെ തുടർന്ന് പാർട്ടി അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി അവസാനിപ്പിച്ചതായി സൂചന. ഇതോടെ അമ്പലപ്പുഴയിൽ അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസും നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്
സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതായാണ് വിവരം. എന്നാൽ അദ്ദേഹം ആദ്യം സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
ഇതിനിടെ, സുധാകരനുമായി നടത്തിയ പലഘട്ട ചർച്ചകളും ഫലമുണ്ടാകാതിരുന്നതോടെ ഇനി അനുനയ ശ്രമങ്ങൾ വേണ്ടെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ നേതാക്കൾ സംസാരിച്ചിട്ടും അദ്ദേഹം നിലപാട് മാറ്റിയില്ല. ഇതോടെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ സിപിഎമ്മുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ചു എന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം.











