03:37am 15 July 2026
NEWS
തിരഞ്ഞെടുപ്പ് തോൽവി: തിരുത്തലിന് ഒരുങ്ങി സി.പി.എം; ജനങ്ങളുമായി ആശയവിനിമയത്തിൽ വീഴ്ചയെന്ന് എം.എ. ബേബി
14/07/2026  05:18 PM IST
nila
തിരഞ്ഞെടുപ്പ് തോൽവി: തിരുത്തലിന് ഒരുങ്ങി സി.പി.എം; ജനങ്ങളുമായി ആശയവിനിമയത്തിൽ വീഴ്ചയെന്ന് എം.എ. ബേബി

 

ന്യൂഡൽഹി: സമീപകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ ഗൗരവമായി വിലയിരുത്തി പാർട്ടിയിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സി.പി.എം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.എ. ബേബി. ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിൽ ഉണ്ടായ പോരായ്മയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടിക്കുണ്ടായ വീഴ്ചകളും പിഴവുകളും വിശദമായി ചർച്ച ചെയ്തതായും അവ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ സാധിക്കാതെ പോയതായും അദ്ദേഹം വിലയിരുത്തി. മനുഷ്യസഹജമായ തെറ്റുകൾ ഉൾപ്പെടെ ഉണ്ടായ പിഴവുകൾ പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ചില ഘട്ടങ്ങളിൽ ജാഗ്രതക്കുറവുണ്ടായതായി എം.എ. ബേബി സമ്മതിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളും പാർട്ടി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് അംഗം വരെ എല്ലാവരും സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും, ഓരോ തലത്തിലും ഉണ്ടായ വീഴ്ചകൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം പോലുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പൊതുസമൂഹം ഉയർന്ന ധാർമിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും ആ വിശ്വാസം നിലനിർത്താനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ മംഗളൂരുവിൽ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച സംശയങ്ങൾ ഉയർത്തുന്നതാണെന്ന് എം.എ. ബേബി ആരോപിച്ചു. ഇത് വ്യക്തിപരമായ സന്ദർശനമാണെന്ന വിശദീകരണം തൃപ്തികരമല്ലെന്നും വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിയിലേക്ക് അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്ത് ബി.ജെ.പിക്കെതിരെ മതേതര-ജനാധിപത്യ ശക്തികൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും ആർ.എസ്.എസ് നയങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണെന്നും പാസ്പോർട്ടിനും പൗരത്വത്തിനും ബന്ധമില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും അദ്ദേഹം വിമർശിച്ചു.

ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയിൽ വിദഗ്ധരുടെ അഭാവം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും എം.എ. ബേബി ആരോപിച്ചു. എൻ.ആർ.സി, സി.എ.എ പോലുള്ള നടപടികളിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്ന സമീപനം ചരിത്രത്തിലെ വിവാദ നിയമങ്ങളോട് സാമ്യമുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img