
തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി.ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. പി.ജയരാജനെതിരെ ഇ.പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. റിസോർട്ട് പങ്കാളിത്തം മുതൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം വരെയുള്ള ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളതെന്നാണ് റിപ്പോർട്ട്.
ഇടുക്കിയിലെ മാങ്കുളത്തുള്ള റിസോർട്ടിൽ പി.ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ഇ.പി.യുടെ ആരോപണം. സ്വർണക്കടത്ത് സംഘത്തിലെ ഒരാൾക്കും റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നും ദുബായിൽ നടന്ന ബോർഡ് യോഗത്തിൽ പി.ജയരാജൻ അധ്യക്ഷനായിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇ.പി. ആരോപിക്കുന്നു.
പി.ശശിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിലും പി.ജയരാജനാണെന്നാണ് കത്തിലെ മറ്റൊരു ആരോപണം. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നിൽ പി.ജയരാജനാണെന്നും വനിതാ നേതാവിന്റെ പരാതി അദ്ദേഹത്തിന്റെ ഇടപെടലിലൂടെ എഴുതിയതാണെന്നും ഇ.പി. ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി.ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി.ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഇ.പി. പരാതി നൽകിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ക്വട്ടേഷൻ സംഘങ്ങളുമായി പി.ജയരാജന് ബന്ധമുണ്ടെന്നും സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്നുമാണ് പരാതിയിലെ പരാമർശം. സിപിഎം നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ പി.ജയരാജന്റെ നേതൃത്വത്തിൽ നവമാധ്യമ സംഘവും പ്രവർത്തിക്കുന്നുണ്ടെന്ന് ഇ.പി. ആരോപിച്ചിട്ടുണ്ട്.
അതേസമയം, ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട്ട് വിവാദവും പി.ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പരിശോധിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ.ബാലഗോപാലും ടി.പി.രാമകൃഷ്ണനുമാണ് കമ്മീഷൻ അംഗങ്ങൾ. ആരോപണങ്ങളിൽ പാർട്ടി അന്വേഷണം നടക്കുന്നതോടെ നേതാക്കൾ തമ്മിലുള്ള തർക്കം സിപിഎമ്മിനുള്ളിൽ കൂടുതൽ ചർച്ചയാകുകയാണ്.










