
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയിൽ നടന്ന ‘പെൻഷൻ സംഭാവന’ നാടകമെന്ന് ആരോപണം. ബാലുശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മൊയ്തീൻ എന്ന വയോധികൻ തന്റെ പെൻഷൻ പണമെന്നു പറഞ്ഞ് പാർട്ടിക്ക് സംഭാവന നൽകിയ സംഭവമാണ് പാർട്ടിക്ക് തന്നെ ഇപ്പോൾ തിരിച്ചടിയാകുന്നത്. വേദിയിലെത്തിയ മൊയ്തീൻ, തന്റെ പെൻഷൻ പണം എന്നു പറഞ്ഞ് എം.വി. ഗോവിന്ദന് പണം കൈമാറി. പണം സ്വീകരിച്ച ശേഷം “സംഭാവന നൽകിയതായി കരുതുക” എന്നു പറഞ്ഞ് എം.വി. ഗോവിന്ദൻ അത് തിരികെ നൽകുകയും ചെയ്തു. എന്നാൽ, ഈ നടപടിക്ക് പിന്നിലെ സാഹചര്യങ്ങൾ മൊയ്തീൻ തന്നെ വിശദീകരിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
‘‘ നേതാക്കൻമാർ പറഞ്ഞു, നിങ്ങളീ പൈസ അയാളുടെ അടുത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുമെന്ന്. അതുപോലെ കൊടുത്തു, അയാൾ തിരിച്ചും തന്നു’’– മൊയ്തീൻ തുറന്നു പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത്ര ശുദ്ധനായ ആളെ പിആർ ജോലി ഏൽപിക്കണമായിരുന്നോ എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.
ഒൻപതാം തീയതിയാണ് പരിപാടി നടന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, സംഭവത്തെ ‘പിആർ പ്രവർത്തനം പാളിയ ഉദാഹരണം’ എന്നാണ് വിമർശകർ വിശേഷിപ്പിക്കുന്നത്. “ഇത്ര ശുദ്ധനായ ആളെ പിആർ ജോലിക്ക് ഉപയോഗിക്കണമായിരുന്നോ?” എന്ന തരത്തിലുള്ള പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.











