11:08am 23 October 2026
NEWS
കിഫ്ബി ആയുധമാക്കി സിപിഎം; സർക്കാരിനെതിരെ സംസ്ഥാനതല ക്യാംപെയ്‌നിന് നീക്കം
23/10/2026  06:09 AM IST
nila
കിഫ്ബി ആയുധമാക്കി സിപിഎം; സർക്കാരിനെതിരെ സംസ്ഥാനതല ക്യാംപെയ്‌നിന് നീക്കം

 

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും സംബന്ധിച്ച വിവാദം രാഷ്ട്രീയ പ്രചാരണ വിഷയമാക്കാൻ സിപിഎം. കിഫ്ബിയെ തകർക്കാൻ യുഡിഎഫ് സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന ആരോപണം ഉയർത്തി സംസ്ഥാനതലത്തിൽ വിപുലമായ ക്യാംപെയ്ൻ നടത്താനാണ് പാർട്ടി തീരുമാനം. കിഫ്ബി വഴി നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിലെത്തിച്ച് സർക്കാരിന്റെ നിലപാടിനെ പ്രതിരോധിക്കാനാണ് നീക്കം.

കിഫ്ബിയുടെ നേട്ടങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. രാഷ്ട്രീയ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പാർട്ടിയുടെ വാദം. ഈ സംവിധാനം ഇല്ലാതാക്കിയാൽ വികസന പദ്ധതികൾക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യവും സിപിഎം ഉയർത്തുന്നു. കിഫ്ബിക്ക് പകരം എന്ത് ബദൽ സംവിധാനമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്ന് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

പ്രാദേശിക തലത്തിൽ കിഫ്ബിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ചുകൊണ്ടായിരിക്കും പ്രചാരണം. ഓരോ മണ്ഡലത്തിലെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും വിഷയത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ക്യാംപെയ്‌നിന്റെ വിശദമായ രൂപരേഖ വെള്ളിയാഴ്ചയോടെ തയ്യാറാകുമെന്നാണ് പ്രതീക്ഷ.

രണ്ട് ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിവസത്തെ ചർച്ചകളിലാണ് കിഫ്ബി വിഷയം ശ്രദ്ധാകേന്ദ്രമായത്. സംസ്ഥാന, ദേശീയ രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം കിഫ്ബിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും വിശദമായി ചർച്ചയായി. വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം വികസന നേട്ടങ്ങൾ മുൻനിർത്തി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സിപിഎം ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img