
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെ ചൊല്ലി സർക്കാരും സിപിഎമ്മും തമ്മിൽ വാഗ്വാദം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞതുപോലെ എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
എല്ലാ ബസുകളിലും സൗജന്യ യാത്രയെന്നായിരുന്നു യുഡിഎഫിന്റെ പ്രഖ്യാപനമെങ്കിലും, നിലവിൽ പരിമിതമായ ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലബാർ മേഖലയിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന കുറവായതിനാൽ പദ്ധതിയുടെ പ്രയോജനം എല്ലാവരിലേക്കും എത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയെ എതിർക്കുന്നില്ലെങ്കിലും വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇതിന്റെ പ്രതിഷേധമായി ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, സിപിഎം ഉയർത്തുന്ന വിമർശനങ്ങളെ ഗതാഗതമന്ത്രി സി.പി. ജോൺ തള്ളി. "വിനാശകാലേ വിപരീതബുദ്ധി" എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കാലക്രമേണ സിപിഎം തങ്ങളുടെ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാരും പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
സൗജന്യ യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തുടർന്ന് രാവിലെ 9 മണിക്ക് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക തല ഉദ്ഘാടനങ്ങൾ നടക്കും.
പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പ്രത്യേക രജിസ്ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടർ നൽകുന്ന പൂജ്യം മൂല്യമുള്ള ‘പ്രിയദർശിനി’ ടിക്കറ്റ് ഉപയോഗിച്ചാണ് സൗജന്യ യാത്ര അനുവദിക്കുക. സംസ്ഥാനത്തെ 3,125 ഓർഡിനറി കെഎസ്ആർടിസി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.










