
ചേർത്തല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം. ഇതുസംബന്ധിച്ച് നേതാക്കൾ കൂടിയാലോചനകൾ നടത്തുന്നു എന്നാണ് സൂചന. ആലപ്പുഴ, പാലക്കാട് ജില്ലകളിലെ സിപിഎം നേതാക്കളാണ് അരുൺകുമാറിനെ മത്സരിപ്പിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുന്നത്. ഇതോടെയാണ് ഇക്കാര്യം സംബന്ധിച്ച് നേതൃത്വം ഗൗരവമായി ആലോചനകൾ ആരംഭിച്ചത്.
ആലപ്പുഴയിലെ കായംകുളം മണ്ഡലമോ വി.എസ്. അവസാനമായി പ്രതിനിധാനം ചെയ്ത മലമ്പുഴയോ ആണ് പരിഗണനയിലുള്ളത്. പാർട്ടിക്ക് പുറത്ത് വരെ വ്യാപിച്ചിരുന്ന വി.എസ്. അച്യുതാനന്ദന്റെ ജനപിന്തുണ തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. നിലവിൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാർ ഡയറക്ടറുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. സർക്കാർ പദവിയിൽ തുടരുന്നതിനാൽ മത്സരിക്കണമെങ്കിൽ രാജിവെക്കേണ്ടിവരും. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കണമെന്ന നിർദേശവും പാർട്ടി മുന്നോട്ടുവച്ചിട്ടുണ്ട്.
അരുൺകുമാർ പാർട്ടി അംഗമല്ലെങ്കിലും സ്ഥാനാർഥിയാക്കുന്നതിൽ തടസ്സങ്ങളില്ലെന്നാണ് സി.പി.എം. വിലയിരുത്തൽ. ‘വി.എസ്. ഫാക്ടർ’ തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേരിട്ട ക്ഷീണം ഇത്തരം നീക്കങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയും നേതൃത്വം പങ്കുവയ്ക്കുന്നു.
കായംകുളത്തിനാണ് നിലവിൽ കൂടുതൽ പരിഗണന. അവിടെ യു. പ്രതിഭ രണ്ടുതവണ എം.എൽ.എ.യായതിനാൽ വീണ്ടും മത്സരിക്കാൻ ഇളവ് നൽകേണ്ടിവരും. മലമ്പുഴ മണ്ഡലത്തിൽനിന്നാണ് വി.എസ്. 2001 മുതൽ 2016 വരെ നിയമസഭയിൽ എത്തിയത്.











