
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതകൾ വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. 80-ലധികം സീറ്റുകൾ നേടാമെന്നതാണ് പ്രാഥമിക വിലയിരുത്തൽ. അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ കൈവരിക്കാമെന്നും കണക്കുകൂട്ടുന്നു.
മണ്ഡലം-ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി വിശദമായ അവലോകനമാണ് നടത്തുക. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടിയാകില്ലെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ. എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
അതേസമയം, തെക്കൻ കേരളത്തിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കുറഞ്ഞത് മൂന്ന് സീറ്റുകൾ നേടാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
മലബാർ മേഖലയിലെ കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ പലിടങ്ങളിലും സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന വോട്ടിംഗ് ശതമാനമാണ് ഉണ്ടായത്. എസ്ഐആറിന് ശേഷമുള്ള ആദ്യത്തെ വലിയ രാഷ്ട്രീയ പരീക്ഷണമായ ഈ തെരഞ്ഞെടുപ്പിൽ മലബാറിലെ വോട്ടർമാർ ആരെ പിന്തുണയ്ക്കും എന്നത് മുന്നണികൾ ആവേശത്തോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുകയാണ്.











