08:46am 09 November 2026
NEWS
പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ തിരിച്ചടിയായി; സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ട്
28/07/2026  11:36 AM IST
nila
പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ തിരിച്ചടിയായി; സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പാർട്ടിക്ക് സർക്കാരിന്മേൽ ആവശ്യമായ രാഷ്ട്രീയ നിയന്ത്രണം പുലർത്താനാകാതിരുന്നതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. നേതാക്കളുടെ പൊതുപ്രവർത്തനത്തിലും പ്രസ്താവനകളിലും വേണ്ടത്ര ജാഗ്രത പാലിക്കാത്തത് പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിലെ പോരായ്മകൾ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ശക്തിപ്പെടുത്തിയെന്നാണ് വിലയിരുത്തൽ. നേതാക്കൾക്കെതിരെ അഹങ്കാരത്തിന്റെയും അഴിമതിയുടെയും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ശക്തമായി തള്ളിപ്പറയുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും, 'പിഎം ശ്രീ' വിഷയത്തിൽ മുന്നണി ഘടകകക്ഷികളുടെ വിശ്വാസം ഉറപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

വോട്ടുഷെയറിലുണ്ടായ ഇടിവും റിപ്പോർട്ട് ഗൗരവത്തോടെ വിലയിരുത്തുന്നു. 2021ലെ 25.38 ശതമാനത്തിൽ നിന്ന് 2026ൽ സിപിഎമ്മിന്റെ വോട്ടുഷെയർ 21.77 ശതമാനമായി കുറഞ്ഞപ്പോൾ, കോൺഗ്രസിന്റെ വോട്ടുശെയർ 25.12 ശതമാനത്തിൽ നിന്ന് 28.79 ശതമാനമായി ഉയർന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്നും, ഇത് പാർട്ടിക്കുള്ള ഗുരുതര മുന്നറിയിപ്പാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നേതാക്കൾക്കിടയിലെ അഴിമതി, ധാർഷ്ട്യം, ആഡംബരജീവിതം എന്നിവ പാർട്ടിയുടെ പ്രതിച്ഛായ തകർത്തു, തിരഞ്ഞെടുപ്പ് പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചു തുടങ്ങിയ കാരണങ്ങൾ അക്കമിട്ട് നിരത്തിയുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും ലക്ഷ്യമിട്ട് യുഡിഎഫ് വ്യാപകമായ തെറ്റായ പ്രചാരണം നടത്തിയെന്നാണ് റിപ്പോർട്ടിന്റെ മറ്റൊരു വിലയിരുത്തൽ. സിപിഎമ്മിനും എൽഡിഎഫിനുമെതിരെ വലതുപക്ഷ ശക്തികളെ ഒന്നിപ്പിക്കാൻ യുഡിഎഫിന് സാധിച്ചുവെന്നും, ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പരസ്യമായി യുഡിഎഫിന് അനുകൂല പ്രചാരണം നടത്തിയെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎമ്മിന്റെ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന വിദ്വേഷ പ്രചാരണം നടത്തിയതായും റിപ്പോർട്ട് പറയുന്നു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പരസ്പരം സഹായിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും, അതിനിടയിൽ സിപിഎമ്മിന് ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img