09:24am 20 April 2026
NEWS
യുവതിയുടെ നഗ്നതാ പ്രദർശന പരാതിക്ക് പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം
20/04/2026  06:59 AM IST
nila
യുവതിയുടെ നഗ്നതാ പ്രദർശന പരാതിക്ക് പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം

തിരുവനന്തപുരം: നെട്ടയം മലമുകളിൽ സിപിഎം - ബിജെപി സംഘർഷം. ബിജെപി നേതാവിന്റെ ഭാര്യയെ അപമാനിച്ചുവെന്ന പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഷയത്തിൽ കുടുംബം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്കാരിയുടെ ഭർത്താവിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചു എന്നാണ് ആരോപണം. ഇതോടെ ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുങ്ങുകയായിരുന്നു. 

 രാത്രി ഏഴരയോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. ഇത് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യംചെയ്തു. തുടർന്നു ചേരിതിരിഞ്ഞ് ഇവർ ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാർജിലും നാലു ബിജെപി പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരുക്കേറ്റു. കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്കു ഗുരുതര പരുക്കേറ്റു.

രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് മലമുകൾ. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും കേസെടുക്കും. രാത്രി ബിജെപി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു ബിജെപി ആരോപിച്ചു. ഇവിടെയുള്ള 8 കുടുംബങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ചിരുന്നു. പരാതിയിലുള്ള കോൺഗ്രസ് അനുഭാവിക്ക് പിന്തുണയുമായാണ് സിപിഎം പ്രവർത്തകർ എത്തിയതെന്നും ബിജെപി ആരോപിച്ചു. അയൽക്കാരും ബന്ധുക്കളുമായ രണ്ടുപേർ തമ്മിലുള്ള അതിർത്തിത്തർക്കവും സംഘർഷങ്ങൾക്കു കാരണമായതായി പറയുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img