04:16pm 03 May 2026
NEWS
മതധ്രുവീകരണമുണ്ടായെന്ന് സിപിഎം; ഭൂരിപക്ഷ സമുദായങ്ങൾ കൈവിടില്ലെന്നും പ്രതീക്ഷ
02/05/2026  10:20 AM IST
nila
മതധ്രുവീകരണമുണ്ടായെന്ന് സിപിഎം; ഭൂരിപക്ഷ സമുദായങ്ങൾ കൈവിടില്ലെന്നും പ്രതീക്ഷ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നെന്ന വിലയിരുത്തലിൽ സിപിഎം. സംസ്ഥാനത്ത് അൻപതിലധികം മണ്ഡലങ്ങളിൽ ന്യൂനപക്ഷവിഭാ​ഗം ഇടതു സ്ഥാനാർത്ഥികൾക്കെതിരായി വോട്ടുചെയ്തു എന്നാണ് പാർട്ടി വിലയിരുത്തൽ. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനവും പ്രാദേശിക ബന്ധങ്ങളും മാത്രമാണ് ഈ പ്രവണതയെ മറികടക്കാൻ സഹായിച്ചതെന്നാണ് പാർട്ടി നിരീക്ഷണം. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് നീങ്ങിയെന്ന എക്സിറ്റ് പോൾ വിലയിരുത്തലുകളെ സാധൂകരിക്കുന്നതാണ് സിപിഎമ്മിന്റെ വിലയിരുത്തലും. 

അതേസമയം, ഭൂരിപക്ഷ സമുദായങ്ങളിൽ നിന്ന് ഇടതുമുന്നണിക്ക് പിന്തുണ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം നേതൃത്വം. ബിജെപിയുടെ വോട്ടുശതമാനം 12 ശതമാനത്തോട് അടുക്കുന്നത് ചില മണ്ഡലങ്ങളിൽ എൽഡിഎഫിന് അനുകൂല സാഹചര്യം സൃഷ്ടിക്കാമെന്നും പാർട്ടി കണക്കുകൂട്ടുന്നു. വടക്കൻ കേരളത്തിൽ കടുത്ത മത്സരം നേരിടേണ്ടി വരുമെങ്കിലും അവസാന നിമിഷത്തിൽ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവയ്ക്കുന്നു.

പുറത്ത് വന്ന എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ശക്തമല്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനായ നേതാവായി പലരും പിണറായി വിജയനെ ചൂണ്ടിക്കാണിക്കുന്നതും എൽഡിഎഫ് ക്യാമ്പ് പ്രധാനമായി കാണുന്നു. ചെറിയ ഭൂരിപക്ഷമെങ്കിലും തുടർഭരണം സാധ്യമാകുമെന്നാണ് ഇടത് നേതാക്കളുടെ വിശ്വാസം.

2021ലെപ്പോലെ നൂറ് സീറ്റെന്ന അവകാശവാദം ഇത്തവണ എൽഡിഎഫ് മുന്നോട്ടുവെച്ചിട്ടില്ല. ന്യൂനപക്ഷ ഏകീകരണവും സാമുദായിക ചർച്ചകളും ചില മേഖലകളിൽ സ്വാധീനം ചെലുത്തിയെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് സംസ്ഥാനമൊട്ടാകെ പ്രതിഫലിച്ചിട്ടില്ലെന്നാണ് ഇടത് വിലയിരുത്തൽ. സിറ്റിംഗ് എംഎൽഎമാരുടെ ശക്തിയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും പല മണ്ഡലങ്ങളിലും അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഏകദേശം അറുപതോളം സീറ്റുകളിൽ വ്യക്തമായ മുൻതൂക്കവും മുപ്പതിലധികം മണ്ഡലങ്ങളിൽ കടുത്ത മത്സരവും നിലനിൽക്കുന്നതായി എൽഡിഎഫ് വിലയിരുത്തുന്നു. അതിനാൽ തന്നെ അധികാരത്തുടർച്ച സാധ്യമാകുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. എന്നാൽ, ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഒന്നും വ്യക്തമായി ഭരണത്തുടർച്ച പ്രവചിക്കാത്തത് ഇടത് ക്യാമ്പിൽ ചെറിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img