07:25pm 09 May 2026
NEWS
പത്തുവർഷത്തിനകം സി.പി.എമ്മും കോൺഗ്രസും ഒരു മുന്നണിയാകും; പ്രവചനവുമായി ജി. സുധാകരൻ
09/05/2026  09:11 AM IST
സുരേഷ് വണ്ടന്നൂർ
പത്തുവർഷത്തിനകം സി.പി.എമ്മും കോൺഗ്രസും ഒരു മുന്നണിയാകും; പ്രവചനവുമായി ജി. സുധാകരൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരും ദശകങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും പത്തുപതിനഞ്ച് വർഷത്തിനുള്ളിൽ സി.പി.എമ്മും കോൺഗ്രസും ഇവിടെ ഒറ്റമുന്നണിയായി മാറുമെന്നും മുൻമന്ത്രി ജി. സുധാകരൻ. സി.പി.എം സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ പ്രസ്ഥാനത്തിന്റെ തകർച്ച പൂർണ്ണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾക്ക് നൽകിയ  അഭിമുഖത്തിലാണ് സുധാകരൻ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
​തിരുത്തിയില്ലെങ്കിൽ പതനം ഉറപ്പ്
​കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ മറന്നാണ് പാർട്ടി ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു. "തെറ്റ് തിരുത്തിയില്ലെങ്കിൽ സി.പി.എം പോക്കാണ്. കോൺഗ്രസിന്റെ ഊന്നുവടിയില്ലാതെ ഇനി സി.പി.എമ്മിന് നിലനിൽപ്പില്ല. സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാമെന്ന് പാർട്ടി സെക്രട്ടറി പറയുന്നത് ഇതുവരെ അവർ ഭയത്തിലായിരുന്നു എന്നതിന്റെ തെളിവല്ലേ?" - അദ്ദേഹം ചോദിച്ചു.
​സജി ചെറിയാൻ എല്ലാ പൊളിറ്റിക്കൽ ക്രിമിനലുകളെയും ചേർത്ത് സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കിയിരിക്കുകയാണെന്നും സുധാകരൻ തുറന്നടിച്ചു. സി.പി.എം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ലക്ഷണങ്ങളൊന്നും ഇപ്പോൾ കാണുന്നില്ലെന്നും നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​അമ്പലപ്പുഴയിലെ വിജയം ജനകീയം
​അമ്പലപ്പുഴയിൽ പാർട്ടിയിൽ നിന്ന കാലത്തേക്കാൾ വലിയ ഭൂരിപക്ഷം നേടിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "ഞാൻ ഒരു വീട്ടിൽ പോലും വോട്ടു ചോദിക്കാൻ പോയിട്ടില്ല, ജനങ്ങൾക്ക് വാഗ്ദാനങ്ങളും നൽകിയിട്ടില്ല. എന്നാൽ ഞാൻ എം.എൽ.എയായും മന്ത്രിയായും ചെയ്ത കാര്യങ്ങൾ ജനം വിലയിരുത്തി. യു.ഡി.എഫ് നൽകിയ പിന്തുണക്ക് നന്ദിയുണ്ട്. കെ.സി. വേണുഗോപാൽ മുതൽ താഴെത്തട്ടിലുള്ള പ്രവർത്തകർ വരെ എനിക്കായി ആത്മാർത്ഥമായി രംഗത്തിറങ്ങി."
​ഭാവി നിലപാട്
​പുതിയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ, ജനാധിപത്യപരമായ മാറ്റത്തിന് വേണ്ടി പോരാടുന്ന സ്വതന്ത്ര എം.എൽ.എ ആയി പ്രവർത്തിക്കുമെന്നും അറിയിച്ചു. യു.ഡി.എഫുമായി പദവികളെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച ഒരു സ്ഥാനവും താൻ ചോദിച്ചു വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ അധികാരമുപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ നിരാശയാണ് ഇടതുമുന്നണിയുടെ പരാജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം വിലയിരുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img