05:47pm 04 May 2026
NEWS
തെരഞ്ഞെടുപ്പ് പരാജയം: കൂടുതൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്ന് എം വി ​ഗോവിന്ദൻ
04/05/2026  04:36 PM IST
nila
തെരഞ്ഞെടുപ്പ് പരാജയം: കൂടുതൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സംസ്ഥാനമൊട്ടാകെ ഉണ്ടായ വോട്ട് ഇടിവ് ഗൗരവത്തോടെ വിലയിരുത്തുമെന്നും, പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഉറച്ച ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ പോലും വോട്ട് ചോർച്ച സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു. ഓരോ മണ്ഡലത്തിലും പ്രദേശത്തും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ വിശദമായി പരിശോധിച്ച ശേഷമേ പരാജയത്തിന്റെ അടിസ്ഥാനം വ്യക്തമാക്കാനാകൂവെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വോട്ടുകളുടെ ഏകീകരണമോ പ്രത്യേക രാഷ്ട്രീയ സാഹചര്യമോ തിരിച്ചടിക്ക് കാരണമായോയെന്ന് ഇപ്പോൾ  പറയാനാകില്ലെന്നും, അതും പരിശോധനയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാല പരാജയങ്ങൾക്കുശേഷം ആവശ്യമായ തിരുത്തലുകൾ ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തവണ കൂടുതൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്ന് നേതൃത്വം സൂചിപ്പിക്കുന്നു.

ജനപിന്തുണ തിരിച്ചുപിടിക്കാൻ പാർട്ടിയിലും സർക്കാരിലും സംഘടനാതലത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നും, തിരുത്തലുകളിലൂടെ ശക്തമായി തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ സിപിഎമ്മിന് മുൻപും തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും, ഇത്തവണ കണ്ണൂരിലെ പരമ്പരാഗത ഇടതുകോട്ടകൾ പോലും തകർന്നുവീണത് പാർട്ടി നേതൃത്വത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img