01:59am 10 June 2026
NEWS
ഞങ്ങളെയെന്തിന് തോൽപ്പിച്ചു? പരാജയത്തിന്റെ കാരണം ജനങ്ങളോട് ചോദിച്ച് സിപിഎം
09/06/2026  06:36 PM IST
nila
ഞങ്ങളെയെന്തിന് തോൽപ്പിച്ചു? പരാജയത്തിന്റെ കാരണം ജനങ്ങളോട് ചോദിച്ച് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം കണ്ടെത്താൻ ജനങ്ങളിലേക്ക് നേരിട്ട് എത്താൻ സിപിഎം. തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി നേരിടുമെന്ന് സംസ്ഥാന സമിതിക്ക് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിച്ചു. പരാജയത്തിന്റെ കാരണങ്ങൾ ജനങ്ങളിൽനിന്ന് നേരിട്ട് കേൾക്കുന്നതിനായി വാട്‌സാപ്, ഇ-മെയിൽ സംവിധാനങ്ങൾ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

puthuvazhikal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും +91 79947 77168 എന്ന വാട്‌സാപ് നമ്പറിലും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ശേഖരിക്കുന്ന അഭിപ്രായങ്ങൾ ഓഗസ്റ്റിൽ ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടക്കുന്ന വിപുലമായ സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഗോവിന്ദൻ പറഞ്ഞു.

ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം നൽകുന്നതിൽ വീഴ്ച സംഭവിച്ചതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം വിലയിരുത്തി. ഇതോടൊപ്പം കേരള സമൂഹത്തിലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിൽ വോട്ടു കൈമാറ്റം നടന്നുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ചില മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും മറ്റു ചിലയിടങ്ങളിൽ തിരിച്ചും സംഭവിച്ചെന്നും ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളും ഈ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിച്ചു.

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചതായി പാർട്ടി നേതൃത്വം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ സിപിഎം ശക്തമായി പ്രതികരിച്ചില്ലെന്ന ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ടതും പാർട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമം സർക്കാർ സംഘടിപ്പിച്ചതാണെന്ന പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും ദേവസ്വം ബോർഡിന്റെ പരിപാടിയെക്കുറിച്ച് തെറ്റായ സന്ദേശം വ്യാപകമായി പ്രചരിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. യോഗി ആദിത്യനാഥിന്റെ സന്ദേശം ചടങ്ങിൽ വായിച്ചത് ശരിയായ നടപടിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആർ വിഷയത്തിൽ സിപിഎമ്മിനെതിരെ നടന്ന കള്ളപ്രചാരണവും ന്യൂനപക്ഷ വോട്ടർമാരെ അകറ്റാൻ കാരണമായെന്ന് ഗോവിന്ദൻ ആരോപിച്ചു. മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് മുസ്‌ലിം ലീഗും കോൺഗ്രസും കൂട്ടുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ബിജെപി മൂന്ന് സീറ്റുകൾ നേടിയെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറു ശതമാനം വോട്ട് കുറവാണ് ലഭിച്ചതെന്നും ആ വോട്ടുകളുടെ വലിയൊരു പങ്ക് യുഡിഎഫിലേക്കാണ് മാറിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഡിഎഫ് വലിയ വാഗ്ദാനങ്ങളിലൂടെ ജനപിന്തുണ നേടിയെങ്കിലും അധികാരത്തിലെത്തിയ ശേഷമുള്ള നടപടികൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. പിഎം ശ്രീ പദ്ധതി, സർവകലാശാല നിയമനങ്ങൾ, തുറമുഖ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളെ അദ്ദേഹം വിമർശിക്കുകയും കാവിവൽക്കരണത്തിന് അനുകൂലമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img