01:49am 15 September 2026
NEWS
‘ബി.ജെ.പി-സി.പി.എം ഡീൽ’ തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് സി.പി.എം; പിണറായിക്കും തിരുത്ത്!
14/09/2026  01:17 PM IST
nila
‘ബി.ജെ.പി-സി.പി.എം ഡീൽ’ തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് സി.പി.എം; പിണറായിക്കും തിരുത്ത്!

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സി.പി.എം. ‘സി.പി.എം-ബി.ജെ.പി ഡീൽ’ എന്ന പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയാതെ പോയത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊഴിലാളികളും കർഷകത്തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള പരമ്പരാഗത അടിത്തറയിലെ വലിയൊരു വിഭാഗം പോലും ഇത്തവണ പാർട്ടിക്കൊപ്പം നിന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസും മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തിയ ‘സി.പി.എം-ബി.ജെ.പി രഹസ്യധാരണ’ പ്രചാരണം പാർട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉപയോഗിച്ചും വ്യാജപ്രചാരണം നടന്നതായി റിപ്പോർട്ട് പറയുന്നു. ഇതിന്റെ സ്വാധീനത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെ ഒരു വിഭാഗവും എൽ.ഡി.എഫിൽ നിന്ന് അകന്നുവെന്നും സി.പി.എം വിലയിരുത്തുന്നു.

ആഗോള അയ്യപ്പസംഗമത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചടിയായതായി റിപ്പോർട്ടിൽ വിമർശനമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തോട് സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. യു.പി മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കാൻ പാർട്ടി മന്ത്രിക്ക് എങ്ങനെ സമ്മതിക്കാനായെന്ന ചോദ്യവും സെക്രട്ടേറിയേറ്റംഗത്തെ ലക്ഷ്യമിട്ട് റിപ്പോർട്ടിൽ ഉയർത്തുന്നുണ്ട്.

വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളോട് പാർട്ടി നേതൃത്വം ശക്തമായി പ്രതികരിക്കാതിരുന്നതും വിമർശനവിധേയമായി. ചില നേതാക്കളുടെ വിവാദ പ്രസ്താവനകൾ പാർട്ടിയിൽ നിന്ന് ജനങ്ങളെ കൂടുതൽ അകറ്റിയെന്നും റിപ്പോർട്ട് പറയുന്നു.

പി.എം-ശ്രീ പദ്ധതിയിൽ സി.പി.ഐയെപ്പോലും വിശ്വാസത്തിലെടുക്കാതെ ഒപ്പുവെച്ചത് ‘ബി.ജെ.പി-സി.പി.എം അന്തർധാര’ എന്ന പ്രചാരണത്തിന് കൂടുതൽ ശക്തി നൽകി. ആർ.എസ്.എസിനെയും ബി.ജെ.പിയെയും രാഷ്ട്രീയമായി നേരിടുന്നതിന് കഴിഞ്ഞ സംസ്ഥാന സമ്മേളനം നിർദേശിച്ച നടപടികളൊന്നും കൃത്യമായി നടപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്ന് സീറ്റുകളിൽ വിജയിച്ചത് നിസാരമായി കാണാനാകില്ലെന്നും സി.പി.എം രേഖ വ്യക്തമാക്കുന്നു. പാർട്ടി വോട്ടുകൾ ചോർന്നതിന് ഡീൽ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതിരുന്നതും പ്രധാന കാരണങ്ങളിലൊന്നാണെന്നാണ് തെറ്റുതിരുത്തൽ റിപ്പോർട്ടിലെ തുറന്നുപറച്ചിൽ.

55 ശതമാനം അംഗങ്ങൾക്കും സംഘടനാ പരിചയം കുറവ്

2016ന് ശേഷം പാർട്ടിയിൽ എത്തിയവരാണ് നിലവിലെ അംഗങ്ങളിൽ 55 ശതമാനമെന്നാണ് സി.പി.എം വിലയിരുത്തൽ. പ്രതിപക്ഷത്തിരുന്ന് പ്രവർത്തിച്ച പരിചയം ഇവരിൽ വലിയൊരു വിഭാഗത്തിനില്ല. അതിനാൽ പാർട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്താനും അംഗങ്ങളുടെ രാഷ്ട്രീയ നിലവാരം ഉയർത്താനുമാണ് നിർദേശം.

മുഴുവൻ സമയ പാർട്ടി പ്രവർത്തകരുടെ എണ്ണം കുറയ്ക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു. രാജ്യത്താകെ 10,473 മുഴുവൻ സമയ പ്രവർത്തകരുള്ളപ്പോൾ 6,129 പേരും കേരളത്തിലാണെന്നാണ് കണക്ക്. അഭിഭാഷകരും മറ്റ് പ്രൊഫഷണൽ മേഖലകളിലുള്ളവരും മുഴുവൻ സമയ പ്രവർത്തകരായതിനാൽ സ്വന്തം തൊഴിൽ മേഖലയിൽ ആവശ്യമായ ശ്രദ്ധ നൽകാൻ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ പാർട്ടിയുടെ ജനവിശ്വാസ്യത കുറഞ്ഞതും പ്രധാന കാരണമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രാദേശികതലം മുതൽ വിശ്വാസ്യതയുള്ള നേതാക്കളെ ഉയർത്തിക്കൊണ്ടുവരണം. വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും നിർദേശമുണ്ട്.

ഐ.ടി ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളിലേക്ക് സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാനും യുവാക്കളെയും പുതിയ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാനും പ്രത്യേക ശ്രദ്ധ നൽകണം. നിലവിലുള്ള രീതിയിൽ എല്ലാവരും എല്ലാ വർഗ-ബഹുജന സംഘടനകളിലും പ്രവർത്തിക്കുന്ന രീതിക്ക് പകരം കൂടുതൽ കൃത്യമായ ചുമതല വിഭജനം വേണമെന്നും റിപ്പോർട്ട് പറയുന്നു.

സോഷ്യൽ മീഡിയയിലും നേതാക്കൾക്ക് പരിശീലനം

ഡിജിറ്റൽ കാലഘട്ടത്തിലെ രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും പ്രത്യേക പരിശീലനം നൽകാനും തീരുമാനമുണ്ട്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനുള്ള പരിശീലനവും ഇതിന്റെ ഭാഗമാകും.

പൊതുയോഗങ്ങളിലും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലും ചില നേതാക്കൾ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. തങ്ങൾ പറയുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്യുമെന്ന ബോധ്യം നേതാക്കൾക്കുണ്ടാകണം. പ്രസംഗങ്ങളും പൊതുഇടപെടലുകളും കൂടുതൽ ആകർഷകവും രാഷ്ട്രീയമൂർച്ഛയുള്ളതുമാക്കുന്നതിനുള്ള പരിശീലനം നൽകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

സംഘടനാപരമായ വീഴ്ചകൾ തിരുത്തി പാർട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇതിനായി ദീർഘകാല പ്രവർത്തനപദ്ധതി ആവിഷ്കരിക്കണമെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റി രേഖ ആഹ്വാനം ചെയ്യുന്നു.

‘പിണറായി ഭരണമാണ് കേരളത്തിന്റെ വികസന ബദൽ’ എന്ന വാദത്തിനും തിരുത്ത്

അതിനിടെ, കഴിഞ്ഞ പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരുകളാണ് കേരളത്തിൽ വികസന ബദൽ സൃഷ്ടിച്ചതെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദത്തിനും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി തിരുത്ത് നൽകി.

കേരള രൂപവത്കരണത്തിന്റെ 70-ാം വർഷമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ ബേബി, ഈ കാലയളവിൽ ഏകദേശം 30 വർഷം കേരളം ഭരിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്ന് വ്യക്തമാക്കി. ലോകത്തിനു മുന്നിൽ കേരള മാതൃക സൃഷ്ടിച്ചത് ഈ ഇടതുസർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അമിതമായി കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന വിമർശനം നേരത്തെ കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിലും ഉയർന്നിരുന്നു. മുൻകാല ഇടതുസർക്കാരുകളുടെ കാലത്ത് പാർട്ടിയും ഭരണവും തമ്മിൽ ഉണ്ടായിരുന്ന ഏകോപനം പിണറായി സർക്കാരുകളുടെ പത്ത് വർഷക്കാലത്ത് വേണ്ടത്ര ഉണ്ടായില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമാണ്.

ഈ വിമർശനങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും പശ്ചാത്തലത്തിലാണ് ഇപ്പോൾ പാർട്ടിയുടെ അടിത്തറ പുനഃസംഘടിപ്പിക്കാനും ജനവിശ്വാസം വീണ്ടെടുക്കാനും വിപുലമായ തിരുത്തൽ നടപടികൾക്ക് സി.പി.എം ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img