10:28pm 27 April 2026
NEWS
സ്റ്റാലിനെതിരായ സിപിഐ നേതാവിന്റെ ലേഖനം പാർട്ടി നിലപാടെന്ന് വിശദീകരണം
27/04/2026  08:32 PM IST
nila
സ്റ്റാലിനെതിരായ സിപിഐ നേതാവിന്റെ ലേഖനം പാർട്ടി നിലപാടെന്ന് വിശദീകരണം

മലപ്പുറം: സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ വിമർശിച്ച് സിപിഐ നേതാവ് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനം പാർട്ടി നിലപാട് തന്നെയെന്ന് വ്യക്തമാക്കി സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി. തിരൂരങ്ങാടിയിലെ ഇടതുമുന്നണി സ്ഥാനാർഥിയായ അജിത് കൊളാടിയാണ് സിപിഐ മുഖപത്രമായ ജനയു​ഗത്തിൽ സ്റ്റാലിനെ വിമർശിച്ച് ലേഖനം എഴുതിയത്. ഇത് വലിയ ചർച്ചയായതോടെയാണ് ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി‌യിരിക്കുന്നത്.   

അജിത് കൊളാടി എഴുതിയ ലേഖനം പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. സ്റ്റാലിന്റെ ചിത്രം പാർട്ടി ഓഫീസുകളിലോ സമ്മേളനങ്ങളിലോ പ്രദർശിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന്റെ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പ് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റു പാർട്ടി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേ നിലപാട് സിപിഐയും സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ഒരാളുടെ സംഭാവനയെ കുറിച്ച് പരിശോധിക്കുന്നത് സമഗ്ര വീക്ഷണത്തിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അംഗീകരിക്കാനാകാത്ത പ്രവർത്തനങ്ങളാണ് സ്റ്റാലിന്റേതെന്ന് പാർട്ടി മുമ്പേ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിന്റെ ചിത്രം ഒഴിവാക്കുന്ന നിലപാട് തുടരുന്നത്.

 ജനയുഗം പ്രസിദ്ധീകരിച്ച ലേഖനത്തിൽ സ്റ്റാലിനെ ‘കൊലപാതകങ്ങളുടെ ചക്രവർത്തി’ എന്നാണ് വിശേഷിപ്പിച്ചത്. സ്റ്റാലിനെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും കൂട്ടത്തിൽപ്പെടുത്തിയാണ് സ്റ്റാലിനെയും ഘാതക ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img