
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികൾ സംബന്ധിച്ച് സിപിഐയിൽ അന്തിമചിത്രമായി. പാർട്ടിയുടെ നിലവിലെ നാല് മന്ത്രിമാരും ഇത്തവണയും മത്സരിക്കും. കെ രാജൻ ഒല്ലൂരിലും പി പ്രസാദ് ചേർത്തലയിലും ജെ ചിഞ്ചുറാണി ചടയമംഗലത്തും ജി ആർ അനിൽ നെടുമങ്ങാടുമാണ് മത്സരിക്കുക. ഇവരുടെ സിറ്റിംഗ് മണ്ഡലങ്ങളാണിവ.
അതേസമയം. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് പരവൂരിൽ സിപിഐ കളമൊരുക്കിയിരിക്കുകയാണ്. പറവൂരിൽ വി ഡി സതീശനെതിരെ ഇ ടി ടൈസൺ മാസ്റ്ററാണ് രംഗത്തിറിങ്ങുന്നത്. നിലവിൽ കയ്പമംഗലം എംഎൽഎയാണ് ഇ ടി ടൈസൺ. രണ്ട് ടേമിന് ശേഷമാണ് ഇ ടി ടൈസൺ പറവൂരിൽ എത്തുന്നത്.
ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ ഇ ടി ടൈസണിന്റെ പേര് ഉണ്ടായിരുന്നില്ല. എറണാകുളം സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, ജില്ലാ കൗൺസിൽ അംഗം കെ ബി അറുമുഖൻ എന്നിവരുടെ പേരുകളായിരുന്നു പട്ടികയിൽ ഉണ്ടായികുന്നത്. സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെ എഐവൈഎഫ് നേതാവ് ബിബിൻ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ഇ ടി ടൈസണിലേക്ക് സിപിഐ എത്തിയത്. സതീശനെതിരെ ടൈസണിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.
2001 മുതൽ പറവൂരിൽ നിന്നുള്ള എംഎൽഎയായ സതീശൻ ഇത്തവണ പ്രതിപക്ഷ നേതാവ് എന്ന ലേബലിലാണ് മത്സരത്തിലിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐയുടെ നിക്‌സൺ ആയിരുന്നു സതീശന്റെ പ്രധാന എതിരാളി. എന്നാൽ 21,301 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സതീശൻ വിജയിക്കുകയായിരുന്നു. സതീശൻ 82,264 വോട്ടുകൾ നേടിയപ്പോൾ നിക്‌സൻ നേടിയത് 60,963 വോട്ടുകളായിരുന്നു. ബിജെപിയുടെ എ ബി ജയപ്രകാശിന് 12,964 വോട്ടുകളാണ് നേടാനായത്.
മൂന്ന് ടേം കഴിഞ്ഞ ആറ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടാമ്പിയിൽ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനാണ് സിപിഐ സ്ഥാനാർത്ഥി. നിലവിലെ എംഎൽഎ പി ബാലചന്ദ്രന് ഇത്തവണ സീറ്റില്ല. വൈക്കത്ത് രണ്ട് ടേം പൂർത്തിയാക്കിയ സി കെ ആശയ്ക്ക് സീറ്റില്ല. പകരം ബി പ്രദീപാണ് മത്സരിക്കുക.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ ആണ് സ്ഥാനാർത്ഥി, തിരൂരങ്ങാടി- അജിത് കൊളാടി, മഞ്ചേരിയിൽ പി കെ മുസ്തഫ, ഏറനാട്- ഷഫീർ കിഴിശേരി, മണ്ണാർക്കാട് - ബക്കർ, പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ, തൃശൂർ- ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക- ഗീത ഗോപി, ഒല്ലൂർ- കെ രാജൻ, കൈപ്പമംഗലം- കെ കെ വത്സരാജ്, കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ, പറവൂർ- ഇ ടി ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴ- എൻ അരുൺ, ചേർത്തല- പി പ്രസാദ്, ഹരിപ്പാട്- ടി ടി ജിസ്‌മോൻ, വൈക്കം- പ്രദീപ്, അടൂർ- പ്രിജി ശശിധരൻ, പുനലൂർ-അജയപ്രസാദ്, കരുനാഗപള്ളി- എം എസ് താര, ചടയമംഗലം- ജെ ചിഞ്ചുറാണി, ചാത്തന്നൂർ- ആർ രാജേന്ദ്രൻ, നെടുമങ്ങാട്-ജി ആർ അനിൽ, ചിറയിൻകീഴ്- മനോജ് ബി. ഇടമ, നാദാപുരം-പി വസന്തം എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.











