11:54am 13 June 2026
NEWS
അന്ന് സിപിഎം ചെയ്തതായിരുന്നു ശരിയെന്ന് മമത ബാനർജി; തങ്ങൾക്ക് തെറ്റുപറ്റിയെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ്
03/06/2026  08:25 AM IST
nila
അന്ന് സിപിഎം ചെയ്തതായിരുന്നു ശരിയെന്ന് മമത ബാനർജി; തങ്ങൾക്ക് തെറ്റുപറ്റിയെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ്

കൊൽക്കത്ത: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ പാർട്ടിയിൽ ഉൾപ്പെടുത്തിയതായിരുന്നു തങ്ങളുടെ പിഴവെന്ന് മമത ബാനർജി. തൃണമൂൽ കോൺ​ഗ്രസിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഋതബ്രത ബാനർജിക്കെതിരെയാണ് മമത ബാനർജി രൂക്ഷവിമർശനം ഉയർത്തിയത്. 2017ൽ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ്  ഋതബ്രത ബാനർജി തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.  

അന്ന് സിപിഎം എടുത്ത നടപടി ശരിയായിരുന്നുവെന്നും അദ്ദേഹത്തെ തൃണമൂലിലേക്ക് കൊണ്ടുവന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും അവർ പറഞ്ഞു.  ഋതബ്രത ബാനർജി ഉൾപ്പെടെയുള്ള വിമത നേതാക്കൾ ബിജെപിയുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതായും മമത  ആരോപിച്ചു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം തൃണമൂലിൽ ചേർന്ന ഋതബ്രത ബാനർജി പിന്നീട് രാജ്യസഭാംഗമായിരുന്നു. ആർ.ജി. കർ മെഡിക്കൽ കോളേജ് വിവാദത്തെ തുടർന്ന് രാജിവെച്ച ജവഹർ സിർകാരിന്റെ ഒഴിവിലേക്കാണ് തൃണമൂൽ അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.

നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേവ് ചട്ടോപാധ്യായയെ പിന്തുണച്ച് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി ചേർത്തുവെന്ന ആരോപണവുമായി എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അസംബ്ലി സെക്രട്ടേറിയറ്റ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം സിഐഡിക്ക് കൈമാറിയതുമാണ്. സംഭവത്തിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഇരുവരെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കി. എന്നാൽ, പുറത്താക്കപ്പെട്ട നേതാക്കളെ പിന്തുണച്ച് കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ 50-ഓളം എംഎൽഎമാർ ഋതബ്രത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് പാർട്ടിയിലെ പിളർപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശക്തിപകരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img