
നാൽപ്പത്തിയാറ് കൊല്ലത്തെ നീണ്ട ഇടവേളക്കാലത്തെ സി.പി.ഐ(എം) ബന്ധം അറുത്തുമുറിക്കാൻ സി.പി.ഐ തീരുമാനിച്ചു. 80 ൽ ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും നയിച്ച സി.പി.എം 1998 മുതൽ സെക്രട്ടറിയായ പിണറായി വിജയന്റെ ചൊൽപ്പടിയിലായി. സിദ്ധാന്തപരമായി തുടങ്ങിയ വി.എസ്- പിണറായി ഗ്രൂപ്പ് പോര് വ്യക്തിപരമായി. പിന്നെ അധികാരത്തിനുവേണ്ടിയുള്ള വടംവലിയായി. ഗോർബച്ചേവിയ ലൈൻ എന്ന പിണറായിക്കെതിരെയുള്ള വി.എസിന്റെ വിമർശനം സി.പി.ഐയെയും ചൊടിപ്പിച്ചെങ്കിലും പിണറായിയുടെ ഏകാധിപത്യ വാഴ്ചയ്ക്ക് മുമ്പിൽ വി.എസ് അവർക്കൊരു തണലായിരുന്നു. വി.എസ്- പിണറായി പോരിനെ പുറത്തുനിന്ന് കാഴ്ചക്കാരെപ്പോലെ ആസ്വദിച്ച സി.പി.ഐ ഉള്ളിൽ ചിരിച്ചുതള്ളി. അടിയന്തിരാവസ്ഥയെ പിന്തുണച്ചു എന്ന കറുത്ത രാഷ്ട്രീയ പേരുദോഷം മായ്ച്ചുകളയാനാവാതെ വീർപ്പുമുട്ടിയ സി.പി.ഐയെ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അച്യുതമേനോൻ ഭരണത്തെയും ഇടയ്ക്കിടെ മാന്തിയ പിണറായി വി.എസിന്റെ സി.പി.ഐ തണലിനെയും കുത്തിനോവിപ്പിച്ചുകൊണ്ടിരുന്നു.
അടിയന്തിരാവസ്ഥയെ പിന്തുണച്ചു എന്ന രാഷ്ട്രീയ പേരുദോഷം
ഇൻഡ്യൻ രാഷ്ട്രീയത്തെ കലുഷവും കലഹപൂർണ്ണമാക്കുകയും, ചരിത്രത്തിൽ സ്പന്ദിക്കുന്ന വിഭജനരേഖയായി വർത്തിക്കുകയും ചെയ്യുന്ന അനുഭവം പകർന്ന വർഷമാണ് 1975. ആ വർഷം ജൂൺ 25 മുതൽ പത്തൊൻപതുമാസം നീണ്ട അടിയന്തിരാവസ്ഥ ഇൻഡ്യയിലെ എല്ലാ പാർട്ടികളുടെയും സങ്കൽപ്പങ്ങളുടെയും നിലപാടുകളുടെയും വ്യത്യസ്തതകളുടെയും ചാലുകൾ ഒരുക്കുകയായിരുന്നു.
കേരളമുൾപ്പെടെ ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സി.പി.ഐ കയ്യടിച്ചു മുന്നേറിയ അടിയന്തിരാവസ്ഥയെ പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യകമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സി.പി.ഐ. അടിയന്തിരാവസ്ഥയെ ശ്ലാഘിച്ചുകൊണ്ട് രണ്ട് സോവിയറ്റ് പണ്ഡിതർ എഴുതിയ പുസ്തകം 1977 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം സ്ഥിതി അവതാളത്തിൽ ആയപ്പോൾ ചുമ്മാതെ അങ്ങ് പിൻവലിച്ചുപോകുകയായിരുന്നു.
വർഗ്ഗീയശക്തികളുടെ ലിസ്റ്റിൽ നിന്ന് സി.പി.എംനെയും നക്‌സലൈറ്റുകളെയും ഒഴിവാക്കാൻ സി.പി.ഐ അഖിലേന്ത്യാ നേതാവ് എസ്.എ. ഡാങ്കേയെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മുന്നിലെത്തിക്കാതിരിക്കാനുള്ള അധികാരശക്തി കേരളത്തിന്റെ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനുണ്ടായിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ് കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം സി.പി.ഐയിൽ നിന്ന് തെറിപ്പിച്ചത് കേരള ഹൈക്കോടതിയിലെ സീനിയർ പ്ലീഡർ ടി.സി.എൻ. മേനോന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു.
46 കൊല്ലമായി പാദസേവ ചെയ്തിട്ടും സി.പി.ഐയോട് പൊറുക്കാൻ ഇപ്പോഴും സി.പി.എം തയ്യാറല്ല. ജനങ്ങൾ നൽകിയ തോൽവിയുടെ നെല്ലിപ്പലകയിൽ കിടന്നു ശയനപ്രദക്ഷിണം നടത്തുമ്പോഴും പിണറായിയുടെ നാവിന് ഏഴുനാക്കാണ്. കാരണം തന്റെ ചൊൽപ്പടിയിൽ ട്രപ്പീസുകളിച്ചാടുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകകത്തിന്റെ ബൗദ്ധിക അവകാശം എന്ന അഹങ്കാരമാണ് പുറത്തുവരുന്നത്.
സപ്തകക്ഷി മുന്നണിയെ പൊളിച്ചതിലുള്ള പ്രതികാരം തീർന്നില്ല
1967 ലെ സപ്തകക്ഷി മുന്നണിയെ അധികാരത്തിലേറ്റിയശേഷം തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഇ.എം.എസിന്റെ മുഖ്യപ്രസംഗം ലോകപ്രസിദ്ധമായിരുന്നു. കണ്ണിലെ കൃഷ്ണമണിപോലെ ഈ സർക്കാരിനെയും മുന്നണിയെയും കാത്തുസൂക്ഷിക്കും എന്ന്.
1969 ൽ സി.പി.ഐ രൂപീകരിച്ച കുറുമുന്നണിയിൽ മുസ്ലീംലീഗ്, ആർ.എസ്.പി, പഴയ ഐ.എസ്.പി, കേരള കോൺഗ്രസ് എന്നിവർ രൂപം കൊടുത്ത ഐക്യമുന്നണി 1970 സെപ്റ്റംബറിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി 1977 വരെ കേരളം ഭരിച്ചു. 1977 ൽ വീണ്ടും ജയിച്ചു. 1980 വരെ സി.പി.എമ്മിനെ അധികാരത്തിൽ പുറത്താക്കി മൂലക്കിരുത്തി. അന്ന് സി.പി.എമ്മിന് വെറും 17 സീറ്റാണ് കേരളത്തിൽ കിട്ടിയത്. അതിനേക്കാൾ മെച്ചമായിരുന്നു 26 ലെ സി.പി.എം വിജയം. അവിടെയാണ് സി.പി.ഐയുടെ പ്രസക്തി. 1977 ൽ ജയിച്ച വാമനപുരം പോലും നഷ്ടപ്പെട്ടു. പാർട്ടിയുടെ അടിത്തറയിളകി.
1969 ലെ കുറുമുന്നണിയിലെ മുസ്ലീം ലീഗും ആർ.എസ്.പിയും ഇപ്പോൾ യു.ഡി.എഫിലാണ്. അവരെല്ലാം ബി.ജെ.പിക്കെതിരായ ഇൻഡ്യാസഖ്യത്തിലുമുണ്ട്. ഇൻഡ്യാ സഖ്യം വഴി സി.പി.ഐ ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോകണമെന്ന് ചിന്തിക്കുന്നവരും സി.പി.ഐയിലുണ്ട്. കുറുമുന്നണി രാഷ്ട്രീയത്തിലൂടെ സി.പി.എമ്മിനെ അധികാരത്തിന് പത്ത് കൊല്ലം പുറത്തുനിർത്തിയ സി.പി.ഐ കഴിഞ്ഞ 46 കൊല്ലമായി സി.പി.എംന് പാദസേവ ചെയ്യുകയാണ്. സി.പി.എംനെ തൃപ്തിപ്പെടുത്താൻ കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്ന ആശയം പോലും സി.പി.ഐ വിഴുങ്ങിയിരിക്കുന്നു. സി.പി.ഐ ക്ഷമയുടെ നെല്ലിപ്പലക വരെ താണ്ടിത്താഴുമ്പോൾ പിണറായി വിജയനും കൂട്ടരും നയിക്കുന്ന സി.പി.എം അഹങ്കാരത്തിന്റേയും അധികാരത്തിന്റേയും ചവിട്ടുപടികൾ ഓടിക്കയറുകയായിരുന്നു.
തിരുത്തലും കുറ്റസമ്മതവുമായി തോമസ് ഐസക്ക്
എം.എം. ബേബി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായതിനുശേഷം യൂ ട്യൂബ് രംഗത്തെ ഇംഗ്ലീഷ് ജേർണലിസ്റ്റുകൾ വിളിക്കുന്ന അപരനാമം പ്രാക്കുളം കാസ്‌ട്രോ എന്നാണ്. പിന്നീട് തോമസ് ഐസക്കിന്റെ രംഗപ്രവേശത്തോടെ ആ ജേർണലിസ്റ്റുകൾ അദ്ദേഹത്തെയും 'മാരാരിക്കുളം മാർക്‌സ്' എന്നുവിളിച്ചുതുടങ്ങി. 2016 മുതലുള്ള പത്തുവർഷത്തെ സാമ്പത്തികപരിഷ്‌ക്കാരങ്ങളുടെ പൊള്ളത്തരം കുറ്റസമ്മതമായി പ്രഖ്യാപിച്ച ഐസക്ക് സംസ്ഥാന സഹകരണബാങ്ക് രൂപീകരണം ഒരുവൻ പരാജയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പണ്ടുകാലത്ത് എസ്.ബി.ടി തിരുവിതാംകൂർ രാജഭരണത്തിന്റെ സമാന്തര ബാങ്കായിരുന്നു. എല്ലാ സർക്കാർ ട്രഷറികളിലും എ.ടി.എം തുടങ്ങാനും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സൗകര്യാർത്ഥം രണ്ടും ട്രഷറി എ.ടി.എം മുഖേനയാക്കുകയും കെ.എസ്.സി.ബിയെ എസ്.ബി.ടി മാതൃകയിലാക്കുമെന്നുമുള്ള സ്വപ്നം കേന്ദ്രം തള്ളി. ജില്ലാബാങ്കുകളുടെ സ്വാതന്ത്ര്യം നിലനിർത്താമെന്ന വ്യാമോഹവും നടന്നില്ല. കിഫ് ബി പോലുള്ള തട്ടിപ്പു പദ്ധതികൾ സംസ്ഥാനത്തിന്റെ വായ്പാ പരിധി വർദ്ധിച്ചതല്ലാതെ കടം കുറച്ചില്ല.
ഇ.ഡിയുടെ അന്വേഷണ ഇടപെടലുകൾ കൂടി വന്നതോടെ സഹകകരണപ്രസ്ഥാനത്തിന്റെ നിലനിൽപ്പ് അപകടത്തിലായി. ക്രെഡിറ്റ് സൊസൈറ്റികൾ പലതും പൂട്ടലിന്റെ വക്കിലായി.
സംസ്ഥാന സഹകരണ ബാങ്കുകളുടെ മിക്ക ബ്രാഞ്ചുകളും ഈച്ചയടിച്ചുകൊണ്ടിരിക്കുന്നു. ഭീമാകാരമായ പലിശനിരക്കും സിവിൽ വ്യവസ്ഥകളുമായി പല കെ.എസ്.സി.ബി ബ്രാഞ്ചുകളും വീർപ്പുമുട്ടലിനെ നേരിടുകയാണ്.
തെറ്റുകൾ എണ്ണിയെണ്ണി തിരുത്തുമെന്നുള്ള ഐസക്കിന്റെ പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനുവേണ്ടിയുള്ള സിപിഐയുടെ ആവലാതിയെ ധാർഷ്ട്യം കൊണ്ട് നേരിട്ടിട്ടുള്ള പിണറായിയുടെ ഒരു ചെവിയിൽ കൂടിക്കയറി മറ്റേച്ചെവിയിലൂടെ പുറത്തുപോകുമ്പോൾ പാവപ്പെട്ട പാർട്ടിക്കാർ ഒന്നും വിശ്വസിക്കില്ല.
സി.പി.ഐയുടെ മുൻപിലെ പോംവഴി
പാർട്ടി സെക്രട്ടറിയേറ്റ്, എക്‌സിക്യുട്ടീവ്, സ്റ്റേറ്റ് കൗൺസിൽ എന്നിങ്ങനെ മീറ്റിംഗുകളുടെ ഒരു പരമ്പര കൂടി കഴിഞ്ഞു. സി.പി.എമ്മിനാണെങ്കിൽ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഒക്കെയുണ്ട്. അവരും മീറ്റിങ്ങുകൾ കൂടി കഴിച്ചുപോകും. സി.പി.എമ്മിനെ വിരട്ടി കാര്യം നേടാം എന്ന വ്യാമോഹം ഒന്നും വേണ്ട. ഭരണം ഉള്ളപ്പോൾ പി.എം.ശ്രീ പറഞ്ഞ് കുറെ നടന്നതല്ലേ. എല്ലാ തഥൈവ എന്ന നിലയിൽ കലാശിച്ചില്ലേ. പിന്നെ ഭരണം ഒന്നും ഇല്ലാത്തപ്പോൾ ഒരു പ്രശ്‌നം രണ്ട് മൂന്നുമാസം മുതൽ ഒരു കൊല്ലം വരെ തള്ളിനീക്കാനുള്ള മിടുക്ക് സി.പി.എമ്മിനുണ്ട്. ഇനി നിങ്ങൾ സി.പി.ഐക്കാർക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഭരണത്തിലില്ല. മന്ത്രിമാരുടെ ബാധ്യത ഒന്നുമില്ല.
ആദ്യം നിങ്ങൾ ഒന്നിച്ചുനിൽക്കണം. ആദ്യം ഇടതുമുന്നണി വിടണം. അവർ വഴങ്ങുന്നില്ലെങ്കിൽ തിരിച്ചുകയറുന്ന സീനിയോറിറ്റി പ്രശ്‌നം ഒന്നുമില്ലല്ലോ. സി.പി.ഐ ആദ്യം ഇടതുമുന്നണി വിടണം. ഒരു സ്വതന്ത്ര നിലപാട് സ്വീകരിച്ച് നിയമസഭയിൽ ഒരു സ്വതന്ത്ര ബ്ലോക്കായിരിക്കണം. പ്രതിപക്ഷത്തിരിക്കണം. വിഷയാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കണം. അപ്പോൾ സി.പി.എംന്റെ ഉറച്ചനിലപാട് അവർക്ക് പുറത്തിറക്കേണ്ടിവരും. പ്രതിപക്ഷത്ത് സി.പി.ഐ പോയാൽ പിന്നെ ഇടതുമുന്നണിയിൽ ഒരംഗമേ ഉണ്ടാകുകയുള്ളൂ. വൻകക്ഷി എന്ന പദവിയിൽ നിന്ന് സി.പി.എമ്മിന് താഴെയിറങ്ങേണ്ടി വരും. കുറേക്കാലം അങ്ങനെ പോകട്ടെ. സി.പി.എം തനിനിറം പുറത്തിറക്കട്ടെ. പിണറായി വിജയൻ സി.പി.എം നേതാവ് മാത്രമാകും.
സി.പി.ഐയ്ക്ക് രാജ്യസഭയിലേക്ക് സ്വതന്ത്രമായി മത്സരിക്കാം. ലോക്‌സഭയിലേക്ക് ഇൻഡ്യാസഖ്യത്തിന്റെ ഭാഗമാകാം. ഇൻഡ്യാ മുന്നണി വഴി യു.ഡി.എഫിലും എത്താം. മുസ്ലീംലീഗും ആർ.എസ്.പിയും ഇപ്പോൾ അവിടെ ഉണ്ട്. ഈ നിലപാടിന്റെ അഭികാമ്യത പരിശോധിക്കുക, പഠിക്കുക. സ്വന്തം അന്തസ്സും അഭിമാനവും സംരക്ഷിക്കുക. ഈ മുന്നണി പാദസേവ അവസാനിപ്പിക്കുക. കേരളത്തിൽ സി.പി.ഐ മാതൃക കാണിക്കുക. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ സി.പി.ഐക്ക് ഒപ്പം വരും. അഖിലേന്ത്യാപ്പാർട്ടിയിൽ നിന്നുകൊണ്ടുള്ള ഒരു സ്വതന്ത്ര നിലപാടാണ് ഈ പാദസേവയെക്കാളും അടിമപ്പണിയേക്കാളും ഭേദവും അഭികാമ്യവും സ്വീകരണീയവും എന്നുകാലം തെളിയിക്കും.
സി.പി.എം ഒറ്റപ്പെടും വിറയ്ക്കും
1979 ൽ പ്രതിപക്ഷ മുന്നണി കൺവീനറായിരുന്ന ചാത്തുണ്ണി മാസ്റ്റർ മുന്നണി ഏകപക്ഷീയമായി പിരിച്ചുവിടുമ്പോൾ 29 അംഗങ്ങളുണ്ടായിരുന്നു. 2026 ൽ കോഴിക്കോട്ടുകാരൻ ടി.പി. രാമകൃഷ്ണൻ ഇടതുമുന്നണി പിരിച്ചുവിടുമ്പോൾ അംഗസംഖ്യ വെറും 26 മാത്രം(25 സി.പി.എം+ 1 ജനതാദൾ). അഖിലേന്ത്യാ പാർട്ടികളായ എൻ.സി.പിയും ജെ.ഡി.എസും കേരളാകോൺഗ്രസുകളും വട്ടപൂജ്യം.
സി.പി.ഐ ഇടതുമുന്നണി വിടുന്നത് ഒരു പ്രതിപക്ഷ മുന്നണിയുടെ മാത്രം പിരിച്ചുവിടലല്ല. ഒരു രാഷ്ട്രീയ മുന്നണിയുടെ അന്ത്യം. പഞ്ചാബിലെ ജലന്ദറിലും. ഭട്ടിൻഡയിലും ചേർന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അഖിലേന്ത്യാ പാർട്ടി കോൺഗ്രസുകളുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ രൂപമെടുത്ത ഇടതുമുന്നണിയാണ് പിരിച്ചുവിടപ്പെടുന്നത്. രണ്ട് കക്ഷികൾ തമ്മിലുള്ള കൂട്ടിച്ചേർക്കലോ ഐക്യമോ അല്ല ഇവിടെ അസ്തമിക്കുന്നത്. ഇൻഡ്യയിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വേർപിരിയലാണ്.
ഒറ്റച്ചോദ്യത്തിന് ഉത്തരം നൽകിയാൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് ചരിത്രം നൽകുവാൻ പോകുന്ന ഉത്തരം പിണറായി വിജയന്റെ ധാർഷ്ട്യവും അഹങ്കാരവും എന്നുമാത്രമായിരിക്കും. ഈ വേർപിരിയൽ ദുരന്തത്തിന്റെ കാരണഭൂതൻ എന്നായിരിക്കും.
1969 ന്റെ ആവർത്തനം എന്ന് വിശേഷിപ്പിക്കാവുന്ന വീണ്ടും ഒരു പതിറ്റാണ്ടുകാലത്തെ സി.പി.എം ഭരണത്തിന്റെ അന്ത്യം കുറിക്കുന്ന 2026 ലെ കാലപുരുഷന്റെ അർത്ഥശാസ്ത്രവേദാന്ത പുനരാഖ്യാനം.










