04:40pm 13 May 2026
NEWS
ഇതിലും ഭേദം സിപിഎമ്മിൽ ലയിക്കുന്നതാണ്; സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോ​ഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
13/05/2026  09:57 AM IST
nila
ഇതിലും ഭേദം സിപിഎമ്മിൽ ലയിക്കുന്നതാണ്; സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോ​ഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. ജില്ലയിലെ ഒരു മുതിർന്ന നേതാവാണ് കൗൺസിൽ യോ​ഗത്തിൽ സംസ്ഥാന നേതൃത്വത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അടുത്ത കാലത്തായി സംസ്ഥാന നേതൃത്വവുമായി അഭിപ്രായ ഭിന്നതകളിലായിരുന്ന മുതിർന്ന നേതാവാണ് വിമർശനങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ രൂപീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആവശ്യകത ചോദ്യം ചെയ്ത നേതാവ്, പാർട്ടിയിൽ തിരുത്തൽ ആരംഭിക്കേണ്ടത് താഴെത്തട്ടിൽ നിന്നല്ല, മുകളിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടു.

ജില്ലയിലെ പാർട്ടി നിലപാടുകൾ പരിഗണിക്കുമ്പോൾ സി.പി.ഐ, സി.പി.എമ്മിൽ ലയിക്കുന്നതാണ് ഉചിതമെന്ന പരാമർശവും അദ്ദേഹം നടത്തിയതായി സൂചനയുണ്ട്. ഇതിനെതിരെ യോഗത്തിൽ മറ്റാരും പ്രതികരിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ നേതൃത്വത്തോട് അടുത്ത ബന്ധമുള്ള കിഴക്കൻ മേഖലയിലെ ഒരു കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായും സൂചനയുണ്ട്. 

മെമ്പർഷിപ്പ് ഉൾപ്പെടെയുള്ള സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന നേതൃയോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. തിരഞ്ഞെടുപ്പ് അവലോകനം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, സംസ്ഥാന നേതൃത്വത്തിനെതിരായ അസംതൃപ്തി യോഗത്തിൽ പ്രകടമായി. മറ്റ് അംഗങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കാര്യമായ ചർച്ച നടത്തിയില്ലെന്നും സൂചനയുണ്ട്.

 അതേസമയം, ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ജൂൺ 3, 4 തീയതികളിൽ ജില്ലാ എക്സിക്യുട്ടീവും കൗൺസിലും ചേരാൻ തീരുമാനമായി. ഈ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും. ഇതിന് മുന്നോടിയായി വിവിധ മണ്ഡലങ്ങളിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന വിശകലന യോഗങ്ങളും സംഘടിപ്പിക്കും. പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ മാത്രമല്ല, ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലുമായി യോഗങ്ങൾ നടത്താനാണ് തീരുമാനം.

ജില്ലയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img