
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളന നഗറില്‍ സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം ഒന്‍പതിന് പകല്‍ 2 മണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻ വിനീതാ വിൻസന്റും ഡയറക്റ്റർ ബിബിൻ എബ്രാഹാമുമാണ്. കെ ഷാജഹാൻ, വി ദർശിത്ത് എന്നിവർ അംഗങ്ങളാണ്. വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ എത്തുന്ന ജാഥ 10ന് രാവിലെ 9 മണിക്ക് നൂറ് വനിതാ അത്ലറ്റുകളുടെ അകമ്പടിയോടെ പ്രതിനിധി സമ്മേളന നഗറിലേക്ക് പ്രയാണം തുടരും. പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തും. 10.45 ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ പാർട്ടിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, ദേശീയഎക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ സംസാരിക്കും. 11, 12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും.
പൊതുസമ്മേളന നഗറായ ആലപ്പുഴ ബീച്ചിൽ എട്ടിന് വൈകിട്ട് 7 മണിക്ക് മൂവാറ്റുപുഴ റിയൽ ക്രിയേഷൻസ് അവതരിപ്പിക്കുന്ന തോപ്പിൽ ഭാസിയുടെ ഷെൽട്ടർ നാടകവും 9 ന് വൈകിട്ട് 7 മണിക്ക് കെപിഎസി അവതരിപ്പിക്കുന്ന തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകവും നടക്കും. 11 ന് പകല്‍ 7 മണിക്ക് കൊടമന നാരായണൻ നായർ സ്മാരക വായനശാല പാട്ടബാക്കി നാടകം അവതരിപ്പിക്കും. 12 ന് വൈകിട്ട് 7 മണിക്ക് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് നാടൻ പാട്ടുകൾ അവതരിപ്പിക്കും.
Photo Courtesy - Google











