03:52pm 26 April 2025
NEWS
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരേ സി.പി.ഐ മത്സരിക്കരുത്
14/07/2024  10:53 AM IST
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരേ സി.പി.ഐ മത്സരിക്കരുത്

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാഗാന്ധിയെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പു ദേശീയ ശ്രദ്ധയിലേക്ക്. ഒരുപക്ഷേ, രാഹുൽഗാന്ധിയേക്കാൾ ഇന്ത്യൻ യുവത്വത്തെ പ്രചോദിപ്പിപ്പിക്കുന്ന നേതാവാണ് പ്രിയങ്കാഗാന്ധി. തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ രൂപവും ഭാവവുമെല്ലാം ആവാഹിച്ച പ്രിയങ്ക വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷത്തെയും മറികടക്കാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. ബിജെപിയെ സംബന്ധിച്ച്, യാതൊരു വിജയസാധ്യതയുമില്ലാത്ത മണ്ഡലമാണ് വയനാട്. എന്നാൽ, രാഹുൽഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ നേടിയതിനെക്കാൾ കുറച്ച് വോട്ടുകൾ എങ്കിലും കൂടുതൽ പ്രിയങ്കക്കെതിരെ നേടാനായാൽപ്പോലും ബിജെപിക്ക് അത് വലിയൊരു രാഷ്ട്രീയ വിജയമായി ചൂണ്ടിക്കാട്ടാനാകും. എന്നാൽ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് സിപിഐക്കാണ്. ഈ പ്രതിസന്ധിയെ പ്രായോഗിക രാഷ്ട്രീയത്തിന്റെ മൂശയിൽ വാർത്തെടുത്ത ആയുധങ്ങളുപയോഗിച്ച് മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ സിപിഐയുടെ രാഷ്ട്രീയ പ്രസക്തി കേരള രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടും.

പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ രൂപപ്പെടുന്ന തരംഗത്തിൽ ഇക്കുറി സിപിഐ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകളിൽ പലതും യുഡിഎഫിന്റെ പെട്ടിയിൽ വീഴാൻ സാധ്യതയുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സിപിഐ മുസ്ലീംപ്രീണനം കാട്ടുന്നു എന്ന ആരോപണം കുറച്ച് ഇടതുവോട്ടുകളെ ബിജെപിയുടെ പെട്ടിയിലും എത്തിക്കും. ഫലത്തിൽ, മാസങ്ങളുടെ മാത്രം ഇടവേളയിൽ വയനാട്ടിലെ സിപിഐയുടെ വോട്ട്‌പെട്ടിയിൽ വലിയ ചോർച്ച ഉണ്ടായേക്കാം. അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിലെ പ്രധാന പടയാളിക്കെതിരെ മത്സരിക്കുക വഴി സംഘപരിവാർ ചേരിക്ക് ശക്തി വർധിപ്പിക്കാൻ അവസരം നൽകി എന്ന പഴിയും സിപിഐ പേറേണ്ടി വരും. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുന്നില്ല എന്ന നിലപാടാണ് സിപിഐ ഇപ്പോൾ എടുക്കേണ്ടത് എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി വയനാട് ലോക് സഭാ മണ്ഡലത്തിൽ പരാജയപ്പെട്ടത്  20,870 വോട്ടുകൾക്കായിരുന്നു. അന്ന് കോൺഗ്രസ് നേതാവ് എംഐ ഷാനവാസ് 3,77,035 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സിപിഐ സ്ഥാനാർത്ഥിയായിരുന്ന സത്യൻ മൊകേരി 3,56,165 വോട്ടുകൾ നേടി. എന്നാൽ, 2019 ൽ ചിത്രം പാടെ മാറി. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തി. 7,06,367 വോട്ടുകൾ നേടിയ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 വോട്ടുകളായിരുന്നു. അന്നത്തെ സിപിഐ സ്ഥാനാർത്ഥി പി പി സുനീറിന്  2,74,597 വോട്ടുകൾ മാത്രമാണ് നേടാനായത്. അതായത്, മുസ്ലീം ഭൂരിപക്ഷ മണ്ഡലമെന്ന് രാഷ്ട്രീയപ്പാർട്ടികൾ മുദ്രകുത്തിയ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തൊട്ടുമുന്നിലത്തെ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലീം സ്ഥാനാർത്ഥിക്കെതിരെ ഹിന്ദു സ്ഥാനാർത്ഥി നേടിയ അത്ര വോട്ടുകൾ പോലും 2019 ൽ ഹിന്ദുമത വിശ്വാസിയായ രാഹുൽ ഗാന്ധിക്കെതിരെ മുസ്ലീം മതവിഭാഗത്തിൽ നിന്നുള്ള പി പി സുനീറിന് നേടാനായില്ല!

2024 ൽ, അതായത് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിതന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി വയനാട്ടിലെത്തി. അതിനും എത്രയോ മുമ്പ് തന്നെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ കൂടി കാർമ്മിതക്വത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ദേശീയ തലത്തിൽ നിലവിൽ വന്നിരുന്നു. സിപിഐ 2019 ൽ ആവർത്തിച്ച തെറ്റിനെക്കാൾ വലിയ തെറ്റു വയനാട്ടിൽ ഇക്കുറി കാട്ടി. ഇന്ത്യാ മുന്നണി ഏകോപന സമിതി അംഗവും, സിപിഐ ജനറൽ സെക്രട്ടറിയുമായ ഡി രാജയുടെ ഭാര്യയും സിപിഐ നേതാവുമായ ആനിരാജയെ വയനാട്ടിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. ആനിരാജ സിപിഐയുടെ തലമുതിർന്ന നേതാവും പോരാളിയും അതിശക്തയായ വനിതയും തന്നെയാണ്. ലോക് സഭയിൽ ആനി രാജയെ പോലുള്ള പ്രതികരണ ശേഷിയുള്ള വനിതകളുടെ സാന്നിധ്യവും വേണം. എന്നാൽ, സിപിഐ ദേശീയനേതൃത്വം രാഹുൽ ഗാന്ധിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് പറയാതെ പറയുമ്പോൾ അതേ ദേശീയ നേതൃത്വത്തിലെ സുപ്രധാന മുഖമായ ആനിരാജയെ രാഹുലിനെതിരെ വയനാട്ടിൽ മത്സരിക്കാൻ നിയോഗിച്ചതിലെ രാഷ്ട്രീയ അനൗചിത്യം ന്യായീകരിക്കാൻ ഇനിയും സിപിഐ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ആനിരാജയ്ക്ക്, തൊട്ടുമുമ്പ് സിപിഐ സ്ഥാനാർത്ഥിയായിരുന്ന പി പി സുനീറിനെക്കാൾ വോട്ടുകൾ നേടാൻ കഴിഞ്ഞു. 2,83,023 വോട്ടുകൾ ഇക്കുറി വയനാട്ടിൽ അവർ നേടി. എന്നാൽ, അതിന് മുമ്പ് സത്യൻ മൊകേരി നേടിയ 3,56,165 വോട്ടുകൾ എന്ന സംഖ്യക്ക് അടുത്തെത്താൻ ആനിരാജയ്ക്കും കഴിഞ്ഞിരുന്നില്ല. രാഹുൽഗാന്ധിക്ക് ഇക്കുറി മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും അഞ്ച് ശതമാനത്തിലേറെ വോട്ടുകൾ കുറഞ്ഞു. 6,47,445 വോട്ടുകൾ നേടിയ രാഹുൽ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ 1,41,045 വോട്ടുകൾ സമാഹരിച്ച് മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.

കഴിഞ്ഞ മൂന്നു തവണയും നടന്ന പൊതുതെരഞ്ഞെടുപ്പ് വിശകലനം ചെയ്ത് വയനാടിന്റെ രാഷ്ട്രീയ മനസ്സ് മനസ്സിലാക്കാൻ സിപിഐക്ക് കഴിയുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. വയനാട് വോട്ട് ചെയ്യുന്നത് മതംനോക്കിയല്ല. നേതാക്കളെ നോക്കിയാണ്. വയനാട്ടിലെ ജനസംഖ്യയിൽ 40 ശതമാനം ഹിന്ദുക്കളും, 40 ശതമാനം മുസ്ലീങ്ങളും 20 ശതമാനം ക്രിസ്ത്യാനികളുമാണ്. സത്യൻ മൊകേരി എന്ന സിപിഐ നേതാവ് മുസ്ലീംലീഗിന്റെ കോട്ടകൾ പോലും വിറപ്പിച്ച് പരാജയം ഏറ്റുവാങ്ങിയ മണ്ഡലം കൂടിയാണത്. പിന്നീട് സത്യൻ മൊകേരിയെ വയനാട് കേന്ദ്രീകരിപ്പിച്ച് അദ്ദേഹത്തിന്റെയും സിപിഐയുടെയും രാഷ്ട്രീയ സ്വാധീനം വർധിപ്പിച്ച് വയനാട് പിടിച്ചെടുക്കാനുള്ള ഒരു ശ്രമവും സിപിഐ നടത്തിയിരുന്നില്ല. വയനാട്ടിൽ എന്നല്ല, സിപിഐ മത്സരിക്കുന്ന ഒരു സീറ്റിലെങ്കിലും ജനകീയനായ ഒരു നേതാവിനെ വളർത്തിയെടുത്ത് തെരഞ്ഞെടുപ്പ് മുഖത്ത് നിർത്താൻ ആ പാർട്ടി പരിശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ആരെയെങ്കിലും സ്ഥാനാർത്ഥിക്കുപ്പായം ഇടീപ്പിച്ച് എത്തിക്കും എന്നാണ് സിപിഎം പ്രാദേശിക നേതാക്കൾ സിപിഐയെ കുറിച്ച് പരിഹാസത്തോടെ പറയുന്നത്.

ചരിത്രപരമായ വീഴ്ചകൾ ഏറെ കാണിച്ചിട്ടുള്ള പാർട്ടിയാണ് സിപിഐ. കോൺഗ്രസുമായുള്ള സഖ്യത്തിൽ കേരളത്തിൽ മുഖ്യമന്ത്രി പദവിയും, കേന്ദ്രത്തിൽ ഭരണത്തിന്റെ താക്കോൽ സൂക്ഷിപ്പും, സോഷ്യലിസ്റ്റ് ചേരി രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന്റെ ഗേറ്റ്‌വേയുമായി സിപിഐ ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഭട്ടിൻഡ പാർട്ടി കോൺഗ്രസ് നടക്കുന്നത്. അന്നെടുത്ത ഇടതുപക്ഷ ഐക്യമെന്ന തീരുമാനത്തിന്റെ പേരിൽ കേരളത്തിലെ മുഖ്യമന്ത്രിക്കസേര വിട്ടൊഴിഞ്ഞ് പ്രതിപക്ഷത്തേക്ക് പോയി. അതിന് ശേഷം കേരളത്തിൽ സിപിഐക്ക് മുഖ്യമന്ത്രിപദം പോയിട്ട് ആഭ്യന്തരമോ ധനവകുപ്പോ പോലും ലഭിച്ചിട്ടില്ല.

2004 ൽ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേന്ദ്രസർക്കാരിൽ സിപിഐയും ഉണ്ടാകും എന്ന് ഏവരും കരുതി. അന്ന് തിരുവനന്തപുരത്ത് നിന്നും വിജയിച്ച പി കെ വാസുദേവൻ നായർ കാബിനറ്റ് മന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സിപിഎം  കേന്ദ്രമന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് നിലപാടെടുത്തതോടെ സിപിഐയും മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് പിന്തുണച്ചു. ജനാഭിലാഷ സഫലീകരണത്തിനായി മന്ത്രിസഭയിൽ ചേരേണ്ടതാണെങ്കിലും ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കാൻ മന്ത്രിസഭയിലേക്കില്ല എന്ന മനോഹരമായ വാചകത്തോടെ ജനവിധിയെ അട്ടിമറിക്കുകയാണ് അന്ന് ആ പാർട്ടി ചെയ്തത്. ഇടത് ഐക്യത്തെക്കാൾ വലുതാണ് ജനാധിപത്യ രാഷ്ട്രത്തിൽ ജനാഭിലാഷ സഫലീകരണം എന്ന് സിപിഐ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ വയനാട് ആ പാർട്ടിയുടെ വാട്ടർലൂ ആയേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL
img img