07:39pm 12 November 2026
NEWS
സിപിഐയുടെ സിറ്റിം​ഗ് സീറ്റുകൾ പലതും നഷ്ടമാകും; രണ്ടു മന്ത്രിമാരുടെ കാര്യത്തിലും സംശയം
11/04/2026  04:13 PM IST
nila
സിപിഐയുടെ സിറ്റിം​ഗ് സീറ്റുകൾ പലതും നഷ്ടമാകും; രണ്ടു മന്ത്രിമാരുടെ കാര്യത്തിലും സംശയം

തിരുവനന്തപുരം: പത്തു സീറ്റുകളിൽ വിജയം ഉറപ്പെന്ന കണക്കുകൂട്ടലിൽ സിപിഐ. വോട്ടെടുപ്പിന് പിന്നാലെ നടത്തിയ പ്രാഥമിക വിലയിരുത്തലിലാണ് ഉറപ്പായും പത്തു സീറ്റുകളിൽ വിജയിക്കുമെന്ന നി​ഗമനം. എന്നാൽ, ചില പ്രധാന മണ്ഡലങ്ങളിൽ പാർട്ടിക്ക് കടുത്ത വെല്ലുവിളിയുണ്ടായെന്നും സിപിഐ വിലയിരുത്തുന്നു. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും മത്സരിച്ച മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നതെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

പാർട്ടി ഉറപ്പായി വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്ന 10 മണ്ഡലങ്ങളുടെ പട്ടികയിൽ കെ രാജൻ മത്സരിച്ച ഒല്ലൂരും ചിഞ്ചുറാണിയുടെ ചടയമംഗലവും ഉൾപ്പെട്ടിട്ടില്ല. അതേസമയം, പട്ടാമ്പിയും അടൂരും വിജയസാധ്യത കുറവുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുവെന്നത് സിപിഐയ്ക്ക് ആശങ്കയാകുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു.

സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂർ, നാദാപുരം മണ്ഡലങ്ങൾ നിലനിർത്തുന്നതും ദുഷ്കരമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ഡലം കമ്മിറ്റികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും എക്സിക്യൂട്ടീവിന്റെയും യോഗങ്ങളിൽ വിശദമായി പരിഗണിക്കും.

ഇതിനിടെ, മുന്നണിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും ജനങ്ങൾ മൂന്നാം തവണയും ഭരണച്ചുമതല ഏൽപ്പിക്കുമെന്ന വിശ്വാസം ശക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. എസ്ഡിപിഐയുടെ വോട്ടുകൾ തേടിയിട്ടില്ലെന്നും, ജനങ്ങളുടെ പിന്തുണ തന്നെയാണ് മുന്നണിയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറപ്പായും ജയിക്കുമെന്ന് സിപിഐ നേതൃത്വം കരുതുന്ന സീറ്റുകള്‍

നെടുമങ്ങാട്
ചിറയിന്‍കീഴ്
പുനലൂര്‍
ചാത്തന്നൂര്‍
ചേര്‍ത്തല
വൈക്കം
കൈപ്പമംഗലം
കൊടുങ്ങല്ലൂര്‍
നാട്ടിക
കാഞ്ഞങ്ങാട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img