
ആലപ്പുഴ: ഭരണവിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സിപിഐ നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുന്നണിക്കുള്ളിലെ അസ്വസ്ഥതകളും പരസ്പര സഹകരണത്തിന്റെ അഭാവവും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും സിപിഐ വിലയിരുത്തുന്നു. ചില മേഖലകളിൽ ബിജെപിക്ക് അനുകൂലമായി സിപിഎം നിലപാടെടുത്തുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.
ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലെ ചില വാർഡുകളിൽ സിപിഐയുടെ വിജയത്തോട് സിപിഎമ്മിന് താൽപര്യമില്ലായിരുന്നുവെന്നാണ് ആരോപണം. സിപിഐ മത്സരിച്ച നിരവധി സ്ഥലങ്ങളിൽ സിപിഎം വിമതരുടെ സാന്നിധ്യം പ്രകടമായതായും, കുട്ടനാട് മേഖലയിൽ സിപിഎം–സിപിഐ ഭിന്നത പരാജയത്തിന് വഴിവെച്ചതായും ചർച്ചയായി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ തുറന്നടിച്ച് എതിർക്കാൻ എൽഡിഎഫിന് സാധിക്കാതിരുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിൽ മുന്നണിയോടുള്ള വിശ്വാസം കുറയാൻ കാരണമായെന്ന വിലയിരുത്തലും ഉണ്ടായി. സർക്കാർ കൂടുതൽ ആത്മപരിശോധനയും തിരുത്തലുകളും നടത്തേണ്ടതുണ്ടെന്നും സിപിഐ ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. മണ്ഡലം കമ്മിറ്റികൾ വിശദമായ വിലയിരുത്തൽ നടത്തി ഈ മാസം 31നകം ജില്ലാ നേതൃത്വത്തിന് റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ മുന്നണി മര്യാദ പാലിക്കപ്പെടാത്തതായി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന സമിതി യോഗവും വിമർശനം ഉന്നയിച്ചു. മുന്നണി നേതൃത്വത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായാണ് ഐഎൻഎല്ലിന്റെ നിലപാട്. ശബരിമല സ്വർണക്കള്ളക്കേസ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായ തിരിച്ചടിയുണ്ടാക്കിയതായും, കേസുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടി വൈകിയതും ദോഷകരമായെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.
ചില ജില്ലകളിൽ ഐഎൻഎൽ സ്ഥാനാർഥികൾക്ക് സ്വന്തം പാർട്ടി വോട്ടുകൾ മാത്രമേ ലഭിച്ചുള്ളുവെന്നും, പലയിടങ്ങളിലും എൽഡിഎഫിൽ ‘മുന്നണി സ്പിരിറ്റ്’ കാണാനായില്ലെന്നും നേതാക്കൾ ആരോപിച്ചു. ഘടകകക്ഷികളെ ആവശ്യമായ രീതിയിൽ പരിഗണിക്കാത്തത് അണികളിൽ അസംതൃപ്തി സൃഷ്ടിച്ചതായും, ഭരണവിരുദ്ധ വികാരം ശക്തമായിരുന്നില്ലെങ്കിലും മുന്നണിയുടെ അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്ക് കാരണമായതെന്നും കാസിം ഇരിക്കൂർ വിലയിരുത്തി.











