02:07am 13 November 2026
NEWS
മൂന്ന് മേഖലാജാഥകളും പാളിയെന്ന് സിപിഐ: എൽഡിഎഫ് ക്യാമ്പിൽ അസ്വസ്ഥത
21/02/2026  05:58 AM IST
nila
മൂന്ന് മേഖലാജാഥകളും പാളിയെന്ന് സിപിഐ: എൽഡിഎഫ് ക്യാമ്പിൽ അസ്വസ്ഥത

എൽഡിഎഫ് സംഘടിപ്പിച്ച മൂന്ന് മേഖലാജാഥകൾ പ്രതീക്ഷിച്ച വിജയമായില്ലെന്ന വിലയിരുത്തലിൽ സിപിഐ. മൂന്നു മേഖലാ ജാഥകളും രാഷ്ട്രീയ നേട്ടം കൈവരിക്കാനായില്ലെന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയർന്ന വിമർശനം. വൻ പ്രചാരണമുണ്ടായിരുന്നിട്ടും ജാഥകൾ പൊതുസമൂഹത്തിൽ ശ്രദ്ധ നേടാനായില്ലെന്നും, ജനപങ്കാളിത്തം ദുർബലമായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

വടക്കൻ മേഖലാ ജാഥയിൽ എം.വി. ഗോവിന്ദൻ പങ്കെടുത്തിട്ടും കസേരകൾ ഒഴിഞ്ഞുകിടന്നത് ചർച്ചയായി. അതുപോലെ, ബിനോയ് വിശ്വം നയിച്ച തെക്കൻ മേഖലാ ജാഥയ്ക്കും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നാണ് സിപിഐ വിലയിരുത്തൽ. മൂന്ന് മേഖലാജാഥകൾക്കുപകരം ഒരു സംസ്ഥാനതല ജാഥ നടത്തിയാൽ മതിയായിരുന്നുവെന്ന അഭിപ്രായവും ഉയർന്നു.

ഫെബ്രുവരി 1, 4, 6 തീയതികളിൽ ആരംഭിച്ച ജാഥകൾ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കലും കേന്ദ്രസർക്കാരിന്റെ നിലപാടുകൾ തുറന്നുകാട്ടലുമായിരുന്നു പ്രഖ്യാപിത ലക്ഷ്യം. മധ്യമേഖലാ ജാഥയെ ജോസ് കെ. മാണി നയിച്ചു.

ജാഥകളോട് അനുബന്ധിച്ച് വിവാദങ്ങളും ഉയർന്നു. എം.വി. ഗോവിന്ദൻ നയിച്ച വികസന മുന്നേറ്റ ജാഥയിൽ അതിഥിത്തൊഴിലാളികൾക്ക് മുദ്രാവാക്യം വിളിക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. ക്ഷേമ പെൻഷൻ തുകയെന്ന പേരിൽ 2000 രൂപ കൈമാറിയെന്ന ആരോപണവും വിമർശനങ്ങൾക്ക് ഇടയാക്കി. ഇടുക്കി അടിമാലിയിൽ മധ്യമേഖലാ ജാഥയ്ക്കിടെ നടത്തിയ പത്രസമ്മേളനത്തിൽ റോഷി അഗസ്റ്റിൻ നടത്തിയ—ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന—പരാമർശവും രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധ പിടിച്ചുപറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img