12:37pm 01 September 2026
NEWS
‘ബദലാവ് സരൂരി ഹെ’; ഡൽഹിയിൽ സിപിഐയുടെ ശക്തിപ്രകടനം ഇന്ന്; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും രാംലീലാ മൈതാനിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ
01/09/2026  08:27 AM IST
nila
‘ബദലാവ് സരൂരി ഹെ’; ഡൽഹിയിൽ സിപിഐയുടെ ശക്തിപ്രകടനം ഇന്ന്; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും രാംലീലാ മൈതാനിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ

ന്യൂഡൽഹി: ‘ബദലാവ് സരൂരി ഹെ’ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയർത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധം ഇന്ന്. ഡൽഹിയിലെ രാംലീലാ മൈതാനിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 11ന് ആരംഭിക്കുന്ന മഹാറാലി വൈകിട്ട് മൂന്നോടെ അവസാനിക്കും.

പ്രതിഷേധത്തിലെ ജനപങ്കാളിത്തം കുറയ്ക്കാൻ കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ശ്രമം നടത്തിയെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തി. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ ഡൽഹിയിലെത്തിക്കാൻ നേരത്തെ ബുക്ക് ചെയ്ത പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഉത്തർപ്രദേശിൽനിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെയും തടയാൻ ശ്രമം നടന്നതായി പാർട്ടി ആരോപിച്ചു. നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വീട്ടുതടങ്കലിലാക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയച്ചു.

എന്നാൽ നിയന്ത്രണങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകർ ഇന്നലെ രാത്രി തന്നെ ഡൽഹിയിലെത്തി. രാംലീലാ മൈതാനത്തെ താമസ സൗകര്യങ്ങൾക്ക് പുറമെ സമീപത്തെ വിവിധ കേന്ദ്രങ്ങളിലും പ്രവർത്തകർ തമ്പടിച്ചു. സമരവേദിക്ക് സമീപം ഒരുക്കിയ ടെന്റുകളും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പി. സന്തോഷ് കുമാർ എംപി കൺവീനറായ സംഘാടക സമിതി നേതൃത്വം നൽകി.

അലിഗഢ് ജില്ലാ സെക്രട്ടറി അഹ്സേഷം ബാഗ്, ഫറൂഖാബാദ് ജില്ലാ സെക്രട്ടറി അമിത് യാദവ്, ആഗ്ര ജില്ലാ സെക്രട്ടറി പൂരൺ സിങ്, ഗാസിയാബാദ് ജില്ലാ സെക്രട്ടറി സഹീദ് അൻവർ, സംഭാൽ ജില്ലാ സെക്രട്ടറി എം. ഹസൻ സാംഭാലി, ഷാജഹാൻപുർ ജില്ലാ സെക്രട്ടറി രാം ശങ്കർ ലാൽ തുടങ്ങിയവരെയാണ് ഉത്തർപ്രദേശ് പൊലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. നേതാക്കളുടെ വീടുകൾക്ക് മുന്നിൽ മൂന്നും നാലും പൊലീസുകാരെ വീതം വിന്യസിച്ചതായും സിപിഐ ആരോപിച്ചു.

രാത്രിയിൽ യാത്രതിരിച്ച് രാവിലെ പ്രതിഷേധ വേദിയിലെത്തുന്ന പ്രവർത്തകരെ പൊലീസ് തടയുകയാണെന്നും ഡി. രാജ ആരോപിച്ചു. പ്രതിഷേധത്തിന്റെ ജനപിന്തുണ കുറയ്ക്കുക മാത്രമാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്തെത്തിയതെന്നും ഡി. രാജ കുറ്റപ്പെടുത്തി.

സിപിഐ നേതാക്കൾക്കൊപ്പം പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, രാജ്യസഭാംഗം കപിൽ സിബൽ ഉൾപ്പെടെയുള്ളവർ ഇന്ന് റാംലീലാ മൈതാനിയിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img