09:46am 12 November 2026
NEWS

വെള്ളാപ്പള്ളിയെ ഒപ്പംകൂട്ടിയതോടെ മുസ്ലീങ്ങൾ അകന്നു; ശക്തമായ ഭരണവിരുദ്ധ വികാരവും; തദ്ദേശത്തിലെ തോൽവിയിൽ സിപിഐയുടെ കണ്ടെത്തലുകൾ ഇങ്ങനെ..

16/12/2025  07:58 AM IST
nila
 വെള്ളാപ്പള്ളിയെ ഒപ്പംകൂട്ടിയതോടെ മുസ്ലീങ്ങൾ അകന്നു; ശക്തമായ ഭരണവിരുദ്ധ വികാരവും; തദ്ദേശത്തിലെ തോൽവിയിൽ സിപിഐയുടെ കണ്ടെത്തലുകൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട് എന്നതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് സിപിഐ. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് ഭരണവിരുദ്ധ വികാരമെന്ന വിലയിരുത്തലുണ്ടായത്. ഈ യാഥാർത്ഥ്യം കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും പാർട്ടി സംസ്ഥാന നിർവാഹകസമിതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സിപിഐയുടേത്. 

ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ചോർച്ചയും യോഗത്തിൽ പ്രത്യേകമായി ചർച്ചയായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള മുഖ്യമന്ത്രിയുടെ സമീപനവും, വർഗീയ പരാമർശം നടത്തിയ വ്യക്തിയെ ഒപ്പം ഉൾപ്പെടുത്തിയ നിലപാടും മുസ്‌ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റിയതായി നേതാക്കൾ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയെ വിമർശിച്ച് അകറ്റുന്നതിന് പകരം തിരുത്തി കൂട്ടിനിർത്തുന്ന രാഷ്ട്രീയ സമീപനമാണ് ആവശ്യമെന്ന നിലപാടാണ് ഉയർന്നത്.

മുഖ്യമന്ത്രിയുടെ ചില തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും അതുവഴി മുന്നണിക്ക് ദോഷമുണ്ടാകുന്നതായും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനെയും വിമർശനം നേരിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാക്കണമെങ്കിൽ പാർട്ടി തലത്തിൽ തിരുത്തലുകൾ അനിവാര്യമാണെന്നും ജില്ലാതല അവലോകനങ്ങളും സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രത്യേക പരിശോധനയും നടത്താൻ തീരുമാനിച്ചെന്നും നേതൃത്വം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img