04:12am 08 November 2026
NEWS
സിപിഐ വിത്തെടുത്ത് ബലിയിടരുത്
21/03/2025  08:02 PM IST
nila
സിപിഐ വിത്തെടുത്ത് ബലിയിടരുത്

വിത്തെടുത്ത് കുത്തരുത് എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. എന്നാൽ, കേരള രാഷ്ട്രീയത്തിൽ സിപിഐ ഇപ്പോൾ വിത്തെടുത്ത് ആ പാർട്ടിയുടെ തന്നെ ഉദകക്രിയ ചെയ്യുകയാണ്. കാനം രാജേന്ദ്രൻ സിപിഐയിൽ തുടങ്ങിവെച്ച വിഭാ​ഗീയത എല്ലാ സീമകളും ലംഘിച്ച് ബിനോയ് വിശ്വവും മുന്നോട്ട് കൊണ്ടുപോകുകയാണ്. കെ ഇ ഇസ്മയിലിനെ പോലെ സീനിയറായ നേതാവിനെതിരെ നടപടിയെടുത്ത സിപിഐയുടെ ഇപ്പോഴത്തെ തീരുമാനം ആ പാർട്ടിയെ സംബന്ധിച്ച് വലിയൊരു മണ്ടത്തരം തന്നെയാണ്. 

മുസ്ലീം ന്യൂനപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അകലം പാലിച്ചിരുന്ന കാലത്ത് സിപിഐ തങ്ങളുടെ മുഖമായും യുവാക്കളുടെ ഹരമായും ഉയർത്തിക്കാട്ടിയിരുന്ന നേതാവാണ് കെ ഇ ഇസ്മയിൽ. പാർട്ടിയിൽ വിദ്യാർത്ഥി- യുവജന സംഘടനകളുടെ ചുമതലക്കാരൻ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ച ആ നേതാവിന്റെ കൈപിടിച്ച് രാഷ്ട്രീയത്തിൽ ചുവടുവെച്ചവരൊക്കെയാണ് ഇന്ന് സിപിഐയുടെ സംസ്ഥാന നേതൃത്വത്തിലുള്ളത്. എന്നിട്ടും വിഭാ​ഗീയതയുടെ പേരിൽ മാത്രം ഇസ്മയിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമ്പോൾ ഒരു ജന്മം മുഴുവൻ സിപിഐ എന്ന പാർട്ടിക്കായി ജീവിച്ച മനുഷ്യനോട് നിങ്ങൾ നീതി കാട്ടിയോ എന്ന കാലത്തിന്റെ ചോദ്യത്തിന് സിപിഐ മറുപടി പറയേണ്ടി വരും.

എത്ര ഉന്നതനായ നേതാവാണെങ്കിലും തെറ്റ് കണ്ടെത്തിയാൽ നടപടി എടുക്കാൻ മടിക്കാത്ത പാർട്ടിയാണ് സിപിഐ. പാർട്ടിയുടെ സ്ഥാപക നേതാവ് എസ് എ ഡാങ്കേ, ബി ടി രണദിവെ തുടങ്ങിയ ഉന്നത നേതാക്കൾക്കെതിരെ നടപടി എടുത്ത പാർട്ടിയാണ് സിപിഐ. എന്നാൽ, കെ ഇ ഇസ്മയിലിനെതിരെ എന്തിനാണ് നടപടി എടുത്തത് എന്ന ചോദ്യത്തിന്റെ തായ് വേര് ചികയുമ്പോഴാണ് സിപിഐ നേതൃത്വം ആ മനുഷ്യനോടും ആ പാർട്ടിയോട് തന്നെയും ആ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആയിരങ്ങളോടും ചെയ്ത ചതിയുടെ ആഴം മനസ്സിലാകൂ.

പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു കാനം രാജേന്ദ്രൻ വിരുദ്ധ ചേരിയുടെ ശക്തനായ നേതാവായിരുന്നു. അദ്ദേഹത്തിനെതിരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടപടി എടുക്കുകയും എന്നാൽ, കുറ്റക്കാരനല്ല എന്ന് തെളിഞ്ഞിട്ടും പാർട്ടി അച്ചടക്ക നടപടി പിൻവലിക്കാതിരിക്കുകയും ചെയ്തു എന്നത് സത്യമായിരുന്നു. പി രാജു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം പറയുകയും ചെയ്തു. പി രാജുവിനെ വേട്ടയാടിയ സിപിഐ നേതാക്കളാരും അനുശോചനവുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. പി രാജുവിന്റെ കുടുംബത്തിന്റെ നിലപാടിനെ പിന്തുണച്ചു എന്നതാണ് കെ ഇ ഇസ്മയിൽ ചെയ്ത അക്ഷന്തവ്യമായ അപരാധമത്രെ. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു മാത്രമല്ല, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉന്നതരായ പല സിപിഐ നേതാക്കളുടെയും തലയരിഞ്ഞത് ആ പാർട്ടിയിൽ കാനം കൊടിപാറിച്ച വിഭാ​ഗീയത തന്നെയാണ്. 

സിപിഐയുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയഘടകമായ കൊല്ലം ജില്ലാ കൗൺസിലിന്റെ സെക്രട്ടറിയായിരുന്ന ആർ രാമചന്ദ്രൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എ പി ജയൻ എന്നിവരും പാർട്ടിയിൽ ഒതുക്കപ്പെട്ട ഉന്നത നേതാക്കളാണ്.  കെ ഇ ഇസ്മയിലിനെ പിന്തുണച്ചു എന്ന പേരിൽ മാത്രം ഒന്നാം പിണറായി സർക്കാരിൽ ഇടംകിട്ടാതെ പോയ നേതാവാണ് ആർ രാമചന്ദ്രൻ. പത്തനംതിട്ടയിൽ സിപിഐക്ക് ശക്തമായ അടിത്തറ നൽകിയ എ പി ജയനെതിരെ നടപടി എടുത്തതിന് പിന്നിലും ഇസ്മയിലിനെ പിന്തുണയ്ക്കുന്നു എന്ന കാരണം തന്നെയായിരുന്നു. നിലവിലെ കെല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ ഇപ്പോഴും മന്ത്രിസഭക്ക് പുറത്തുനിൽക്കുന്നതിന്റെ കാരണവും സിപിഐയിലെ വിഭാ​ഗീയത തന്നെയാണ്. നടപടിക്കായി മറ്റു പലതും പറഞ്ഞെങ്കിലും കാനത്തിന് അതൃപ്തിയുള്ളവരെല്ലാം ആ പാർട്ടിയിൽ പാർശ്വവത്ക്കരിക്കപ്പെട്ടു.

മികച്ച സംഘാടകരും പോരാളികളുമായ നേതാക്കൾ ഇന്ന് സിപിഐയിൽ തീർത്തും അപ്രസക്തരാണ്. അണികൾ കുറവെങ്കിലും നല്ലൊരു പാർട്ടി എന്ന് എതിരാളികൾ പോലും സമ്മതിച്ചിരുന്ന പാർട്ടിയാണ് ഇന്ന് പരസ്പരം പോരടിച്ച് ഇല്ലാതാകുന്നത്. മരിച്ചാലും ഒപ്പമുണ്ടാകും എന്ന ഉറപ്പിൽ വിളിച്ചിരുന്ന സഖാവ് എന്ന പദത്തിന് സിപിഐയിൽ അർത്ഥം നഷ്ടപ്പെട്ടോ എന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റം പറയാനാകില്ല. രണ്ട് തെറ്റുകൾ ചേർത്തുവെച്ചാൽ ഒരു ശരിയാകില്ല. തെറ്റുകൾ ആവർത്തിച്ച് ചെയ്താലും ശരിയാകുകയില്ല. പുരാണത്തിൽ തമ്മിലടിച്ച് ഇല്ലാതായ യാ​ദവ കുലത്തിന്റെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് സിപിഐ സംസ്ഥാന നേതൃത്വം മനസ്സിലാക്കണം. തെറ്റുകളെ തിരിച്ചറിയാനും അത് തിരുത്തി  മുന്നോട്ട് പോകാനും ഇനിയും സിപിഐ നേതൃത്വം ശ്രമിച്ചില്ലെങ്കിൽ ആ പാർട്ടി വലിയ വില നൽകേണ്ടിവരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img