12:07am 03 July 2026
NEWS
ബിനോയ് വിശ്വത്തിനെതിരെ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷവിമർശനം
22/05/2026  12:30 PM IST
nila
ബിനോയ് വിശ്വത്തിനെതിരെ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷവിമർശനം

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. എൽഡിഎഫ് സർക്കാരിനെതിരായ ആശാ പ്രവർത്തകരുടെ സമരവും പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്നായിരുന്നു യോഗത്തിലെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യോ​ഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്. 

ബിനോയ് വിശ്വത്തിന്റെ നിലപാടുകളും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി വിജയൻ സർക്കാരിൽ സിപിഐ കൈകാര്യം ചെയ്ത വകുപ്പുകളുടെ പ്രവർത്തനം തൃപ്തികരമായിരുന്നില്ലെന്നും വിമർശനം ഉയർന്നു. അട്ടപ്പാടി ഭൂമിപ്രശ്നം പരിഹരിക്കുന്നതിൽ റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചെന്നും നെല്ല് സംഭരണ വിഷയത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ സമയോചിതമായി ഇടപെട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായി മാറിയെന്നും രാഷ്ട്രീയ നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രിയെ മാത്രം കേന്ദ്രീകരിച്ചിരുന്നുവെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. മണ്ണാർക്കാട് മണ്ഡലവുമായി ബന്ധപ്പെട്ട പേയ്മെന്റ് സീറ്റ് വിവാദവും ചർച്ചയായപ്പോൾ, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം ചുമത്തുന്നത് ശരിയല്ലെന്ന നിലപാടും ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img