04:35am 13 November 2026
NEWS
സിപിഐയുടെ പ്രമുഖ നേതാവ് കെ അജിത് എക്സ് എംഎൽഎ ബിജെപിയിൽ ചേർന്നു
01/03/2026  04:01 PM IST
nila
സിപിഐയുടെ പ്രമുഖ നേതാവ് കെ അജിത് എക്സ് എംഎൽഎ ബിജെപിയിൽ ചേർന്നു

തിരുവന്തപുരം: സിപിഐയുടെ പ്രമുഖ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ. അജിത് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ ചേർന്നു.

രണ്ട് തവണ വൈക്കം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയായിരുന്നു കെ. അജിത്. ബിജെപിയിലേക്കുള്ള പ്രവേശനം പെട്ടെന്നുള്ള തീരുമാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദളിത് വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന നിരാശയാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷത്തിനും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെന്നും, തന്റെ ആശങ്കകൾ മുൻപേ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അജിത് ചൂണ്ടിക്കാട്ടി. പരാതി ഉന്നയിച്ച് ആറുമാസം പിന്നിട്ടിട്ടും യാതൊരു മാറ്റവും ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രപതിമാരെ രാജ്യത്തിന് നൽകിയ പാർട്ടിയാണ് ബിജെപി എന്നതിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അജിത് പറഞ്ഞു. വൈക്കത്തെ ജനങ്ങളോട് ഭരണപക്ഷവും പ്രതിപക്ഷവും നീതി കാണിച്ചില്ലെന്നും, വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തന്റെ ജനവിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപിക്ക് കഴിയുമെന്നും, വൈക്കത്തെ ഒരു പുതുയുഗ മാറ്റത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. അജിത് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img