
സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടിയുടെ നാല് മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ. പൊതുചർച്ചയിൽ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ചെത്തിയവർ ബിനോയ് വിശ്വത്തിനും പാർട്ടിയുടെ നാല് മന്ത്രിമാർക്കുമെതിരെ രൂക്ഷമായ വാക്കുകളാണ് ഉപയോഗിച്ചത്. ബിനോയ് വിശ്വം ദുർബലനായ സെക്രട്ടറിയാണെന്നും സിപിഐ മന്ത്രിമാർ പിണറായി വിജയന്റെ സ്തുതിപാഠകരായി മാറിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കേരള ഭരണത്തിൽ പിണറായി വിജയന്റെ ഏകാധിപത്യമാണ് കാണുന്നതെന്ന് പല പ്രതിനിധികളും ചൂണ്ടിക്കാട്ടി. സിപിഐ മന്ത്രിമാർ പോലും പിണറായി വിജയന്റെ സ്തുതിപാഠകരായി അധഃപതിച്ചു. സിപിഐ മന്ത്രിമാർ നവകേരള സദസ്സ് മുഖ്യമന്ത്രിയെ പുകഴ്ത്തുത്തുന്നതിനു മാത്രമുള്ള വേദിയാക്കി ഉപയോഗിച്ചെന്നും വിമർശനം ഉയർന്നു.
പ്രവർത്തന റിപ്പോർട്ടിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ പ്രത്യേകം പരാമർശിച്ചപ്പോൾ ജില്ലയിൽനിന്നുള്ള സിപിഐ മന്ത്രി ജെ. ചിഞ്ചുറാണിയുടെ വകുപ്പുകളെപ്പറ്റി പ്രത്യേക പരാമർശം ഉണ്ടായില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ വിമർശിക്കുന്ന പ്രവർത്തന റിപ്പോർട്ടിൽ, സിപിഐ പ്രാദേശിക നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ലാത്ത കെ.ബി. ഗണേഷ്കുമാറിനെതിരെ പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്.











