
തിരുവനന്തപുരം: സെപ്റ്റംബർ 1-ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്രസർക്കാർ വിരുദ്ധ ദേശീയ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുകളുള്ള മുഴുവൻ ട്രെയിനും പാർട്ടി ബുക്ക് ചെയ്തതോടെ, ഇത്തരത്തിൽ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് യാത്ര സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി സിപിഐ മാറുകയാണ്.
പ്രതിഷേധ പരിപാടിയിൽ സംസ്ഥാനത്തുനിന്ന് ഏകദേശം 1,500 പ്രവർത്തകർ പങ്കെടുക്കും. ഇവരുടെ യാത്ര സുഗമമാക്കുന്നതിനായാണ് പ്രത്യേക ട്രെയിൻ ഒരുക്കിയത്. ഇതിനായുള്ള അഡ്വാൻസ് തുകയായി 9 ലക്ഷം രൂപ പാർട്ടി റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്.
ഓഗസ്റ്റ് 29-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 31-ന് ഡൽഹിയിലെത്തും. പ്രതിഷേധ പരിപാടി പൂർത്തിയായ ശേഷം സെപ്റ്റംബർ 2-ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ സെപ്റ്റംബർ 4-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
യാത്രക്കാരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്തുന്നതിനായും ഇന്ത്യൻ റെയിൽവേ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നുണ്ട്. യാത്രയുടെ ദൂരം, കോച്ചുകളുടെ എണ്ണം, സ്റ്റോപ്പുകൾ, യാത്രാ ദൈർഘ്യം, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ കണക്കിലെടുത്താണ് വാടക നിശ്ചയിക്കുന്നത്. ട്രെയിനിന്റെ അന്തിമ വാടക സംബന്ധിച്ച കണക്ക് റെയിൽവേ ഇതുവരെ സിപിഐയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.











