
ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം തിങ്കളാഴ്ച ബിജെപി ആസ്ഥാനം സന്ദർശിച്ചു. ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയ സംഘം തുടർന്ന് ഇന്ന് ആർ എസ് എസ് നേതാക്കളുമായും ചർച്ച നടത്തി. 2020ലെ ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളിലെയും ഭരണകക്ഷികൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടക്കുന്നത്.
സിപിസിയുടെ അന്താരാഷ്ട്ര വിഭാഗം വൈസ് മിനിസ്റ്റർ സൺ ഹൈയാൻ നേതൃത്വം നൽകിയ സംഘമാണ് ന്യൂഡൽഹിയിലെ ബിജെപി ഓഫീസിലെത്തിയത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ്ങും സംഘത്തിനൊപ്പമുണ്ടായിരുന്നു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾക്ക് നേതൃത്വം നൽകി. കൂടിക്കാഴ്ച നടന്ന വിവരം ബിജെപി വിദേശകാര്യ വിഭാഗം ഇൻചാർജ് വിജയ് ചൗധായിവാലേ സാമൂഹികമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടു. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും പരസ്പര ധാരണകൾ വികസിപ്പിക്കുന്നതുമാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യമെന്നാണ് സൂചന.
ബിജെപിയും സിപിസിയും തമ്മിലുള്ള ബന്ധം പുതുമയുള്ളതല്ല. 2000-കളുടെ തുടക്കം മുതൽ ഇരുപാർട്ടികളും പരസ്പര സന്ദർശനങ്ങളും ഉന്നതതല കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. അതിർത്തി സംഘർഷത്തിന് ശേഷം ബന്ധം മന്ദഗതിയിലായിരുന്നുവെങ്കിലും, ഇപ്പോഴത്തെ സന്ദർശനം പുതിയ ഒരു സംഭാഷണവാതിലായി വിലയിരുത്തപ്പെടുന്നു.
അതേസമയം, ചൊവ്വാഴ്ച സിപിസി പ്രതിനിധി സംഘം ആർഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. പ്രേരണ ബ്ലോക്കിൽ നടന്ന യോഗം ഏകദേശം അരമണിക്കൂറോളം നീണ്ടതായാണ് വിവരം. ആർഎസ്എസ് മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബലേ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.











