07:35pm 07 November 2026
NEWS
നീതിന്യായ വ്യവസ്ഥയിൽ ‘കറുത്ത ആടുകൾ’ വർധിക്കുന്നു; കോടതികൾ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നു: ജസ്റ്റിസ് ദീപക് ഗുപ്ത
12/09/2026  08:28 AM IST
സുരേഷ് വണ്ടന്നൂർ
നീതിന്യായ വ്യവസ്ഥയിൽ ‘കറുത്ത ആടുകൾ’ വർധിക്കുന്നു; കോടതികൾ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നു: ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ എല്ലാ തലങ്ങളിലും ഭൂരിപക്ഷവാദ പ്രവണത ശക്തമാകുകയാണെന്നും സത്യസന്ധതയില്ലാത്ത ജഡ്ജിമാരുടെ എണ്ണം വർധിക്കുന്നതായും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. സ്വതന്ത്രവും നിർഭയവുമായ നീതിന്യായ വ്യവസ്ഥയില്ലാതെ ഒരു രാജ്യത്തിനും യഥാർഥ സ്വാതന്ത്ര്യം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണഘടനാ കോടതികൾ സമീപകാലത്ത് ആവശ്യമായ സംവേദനക്ഷമതയും കരുത്തും പ്രകടിപ്പിക്കുന്നില്ല. “ജാമ്യമാണ് നിയമം; ജയിൽ അപവാദം” എന്ന തത്ത്വത്തിന് വിരുദ്ധമായി വിചാരണത്തടവ് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം നിയമനടപടികൾതന്നെ ശിക്ഷയായി മാറുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമാണെങ്കിലും മറുപക്ഷത്തിന്റെ ശബ്ദം കേൾക്കാതിരിക്കുന്ന ഭൂരിപക്ഷവാദം ജനാധിപത്യത്തിന് വിരുദ്ധമാണ്. അഭിപ്രായവ്യത്യാസവും നിർഭയമായ അഭിപ്രായപ്രകടനവും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും കൊളീജിയം സംവിധാനം സുതാര്യതയില്ലാത്തതും പരാജയപ്പെട്ടതുമാണെന്നും ജസ്റ്റിസ് ഗുപ്ത വിമർശിച്ചു. തീരുമാനങ്ങൾക്ക് വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്താത്തത് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിഭാഷക സമൂഹത്തിന്റെ സ്വാതന്ത്ര്യവും ക്ഷയിച്ചുവരികയാണ്. നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിലും തൊഴിൽധാർമ്മികത ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിലും ബാർ കൗൺസിലുകൾ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂരിഭാഗം ജഡ്ജിമാരും സത്യസന്ധരാണെങ്കിലും നീതിന്യായ വ്യവസ്ഥയിലെ “കറുത്ത ആടുകളുടെ” എണ്ണം വർധിക്കുന്നത് ഉന്നതതലത്തിലുള്ള ആത്മപരിശോധന ആവശ്യപ്പെടുന്നു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ നീതിന്യായ വ്യവസ്ഥ അപ്രസക്തമാകുകയും അത് ജനാധിപത്യത്തിന് കനത്ത പ്രഹരമാകുകയും ചെയ്യുമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img