03:44am 12 November 2026
NEWS
നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും
08/12/2025  06:31 AM IST
nila
നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിപറയും. എട്ടര വർഷങ്ങളായുള്ള നീണ്ട നിയമനടപടികൾക്ക് ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ഇന്ന് വിധി പറയുക. കേസിലെ എട്ടാംപ്രതിയാണ് നടൻ ദിലീപ്. അതുകൊണ്ട് തന്നെ കേരളമനസാക്ഷിയെ ഞെട്ടിച്ച കേസിനെ ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ ഉറ്റുനോക്കുന്നത്. രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. ഉച്ചയ്‌ക്ക് മുമ്പേ വിധി പ്രഖ്യാപിക്കും എന്നാണ് സൂചന. 

പെരുമ്പാവൂർ സ്വദേശി ‘പൾസർ’ സുനിയാണ് കേസിലെ ഒന്നാം പ്രതി. ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിലുള്ളത്. 2017 ഫെബ്രുവരി 17 ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിക്കുനേരെ നടന്ന ആക്രമണമാണ് കേസിന്റെ അടിസ്ഥാനം. രണ്ടാമത്തെ കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്തായ ശരത് നായരെയും ചേർത്തിരുന്നു.

2017 ജൂലായിൽ അറസ്റ്റിലായ ദിലീപിന് ഒക്ടോബറിൽ ജാമ്യം ലഭിച്ചു. ദീർഘകാലം ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024-ൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ചിലാണ് വിചാരണ ആരംഭിച്ചത്. ഗൂഢാലോചന, ആക്രമണം, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്ക് നേരെയുള്ളത്.

കേസിലെ നിർണായകമായ തെളിവുകളിൽ പ്രധാനപ്പെട്ടത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു. ആക്രമണത്തിന് ശേഷം പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിയതായും, ഈ വിവരം പുറത്തറിയാതിരിക്കാൻ ദിലീപും കുടുംബാംഗങ്ങളും സമ്മർദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് വീട്ടിൽ ഇരുന്ന് ആക്രമണ ദൃശ്യങ്ങൾ കണ്ടതായും അന്വേഷണസംഘത്തിന് തെളിവുകൾ കൈമാറിയതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img