2026-ലെ CBSE പ്ലസ് ടു പരീക്ഷയിൽ ആദ്യമായി നടപ്പിലാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിലെ പോരായ്മകൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന്, ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കാനും പുനർമൂല്യനിർണയത്തിനുമായി ജൂൺ 2 മുതൽ 6 വരെ സി.ബി.എസ്.ഇ അവസരം നൽകിയിരുന്നു.
എന്നാൽ ഇതിനിടയിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണർ ജൂൺ 3-ലെ വിജ്ഞാപനത്തിലൂടെ കെ.ഇ.എ.എം (KEAM) റാങ്ക് ലിസ്റ്റിനായി പ്ലസ് ടു മാർക്കുകൾ അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി ജൂൺ 7 ആയി നിശ്ചയിക്കുകയും, വീഴ്ച വരുത്തുന്നവരെ റാങ്ക് ലിസ്റ്റിൽ പരിഗണിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
സി.ബി.എസ്.ഇ-യുടെ പുനർമൂല്യനിർണയ ഫലം വരുന്നതിന് മുൻപ് തന്നെ നിലവിൽ തർക്കത്തിലുള്ള മാർക്കുകൾ സമർപ്പിക്കാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾ ഇതോടെ വലിയ പ്രതിസന്ധിയിലായി; കാരണം പുനർമൂല്യ നിർണയത്തിലൂടെ ലഭിക്കുന്ന ചെറിയ മാർക്ക് വർദ്ധനവ് പോലും റാങ്കിനെയും ഉപരിപഠന സാധ്യതകളെയും നിർണ്ണായകമായി ബാധിക്കുമെന്നതിനാൽ ഇത് വിദ്യാർത്ഥികൾക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കും.
ഈ സാഹചര്യം ചൂണ്ടിക്കാട്ടി പ്ലസ് ടു മാർക്കുകൾ അപ്ലോഡ് ചെയ്യാനുള്ള അവസാനതിയതി മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളക്ക് വേണ്ടി ഡോ. ഇന്ദിര രാജനും പുനർ മൂല്യനിർണയത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളും സമർപ്പിച്ച റിട്ട് ഹർജിയിൽ, സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടുകൊണ്ട് കോടതി കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.








