
സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് രേണുകസ്വാമി കൊലക്കേസ് പ്രതി സൂപ്പർസ്റ്റാർ ദർശൻ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ആദ്യം ഈ ജയിലിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ കാരണം പിന്നീട് മുന്നൂറു കിലോമീറ്റർ അകലെയുള്ള ബെല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ തടവിൽ കഴിയവെയാണ് ഹൈക്കോടതിയിൽ ജാമ്യം നേടി പുറത്തിറങ്ങിയത്. അനേകായിരം ആരാധകരുള്ള, ചാലഞ്ചിങ്ങ് സ്റ്റാർ എന്ന വിശേഷണം പേറി നടക്കുന്ന ദർശൻ ജാമ്യത്തിലിരിക്കെ മാസങ്ങളോളം സിനിമാ ഷൂട്ടിങ്ങിനായി വിദേശത്തായിരുന്നു. ബംഗളുരുവിൽ തിരിച്ചെത്തി ഡബ്ബിങ് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ജാമ്യം റദ്ദായി വീണ്ടും അഴികൾക്കുള്ളിലായത്. പ്രശ്നക്കാരനായ ഈ തടവുകാരനെ ബെല്ലാരി ജയിലിലേക്ക് മാറ്റാൻ ജയിൽ അധികൃതർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അകലെയുള്ള ബെല്ലാരി ജയിലിലേക്ക് മാറ്റരുതെന്നും വിചാരണയിൽ ഹാജരാകാൻ അത് ബുദ്ധിമുട്ടാകുമെന്നും വ്യക്തമാക്കിക്കൊണ്ട് ദർശനും അപേക്ഷ നൽകിയിരുന്നു. പെൺസുഹൃത്ത് പവിത്ര ഗൗഡയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന്റെ പേരിൽ, ചിത്രദുർഗ്ഗ സ്വദേശിയായ രേണുകസ്വാമി എന്ന യുവാവിനെ ബംഗളുരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാംപ്രതിയാണ് ദർശൻ. അയാളുടെ പെൺസുഹൃത്ത് പവിത്രഗൗഡയാണ് ഒന്നാംപ്രതി. കേസ്സിന്റെ വിചാരണ ഉടനെ ആരംഭിക്കുമെന്നതിനാൽ ദർശനെ ബെല്ലാരിയിലേക്ക് മറ്റേണ്ടതില്ലെന്ന് ബംഗളുരുവിലെ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തരവിട്ടു. ജയിലിൽ ഒരു സൗകര്യവും ലഭിക്കുന്നില്ലെന്നും ഇതിനേക്കാൾ ഭേദം കുറച്ച് വിഷം തരുന്നതാണെന്നും, വിഡിയോ കോൺഫറൻസിൽ ഹാജരാക്കിയപ്പോൾ ദർശൻ ജഡ്ജിയോട് പരാതിപ്പെട്ടു. തലയണയില്ല, തണുപ്പിൽ നിന്ന് രക്ഷനേടാൻ കമ്പിളിപ്പുതപ്പ് നൽകുന്നില്ല, ജയിലിൽ നടക്കാൻ പോലും അനുവദിക്കുന്നില്ല എന്നൊക്കെ താരം പരാതിപ്പെട്ടു. നിയമപ്രകാരം അനുവദനീയമായ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് ജഡ്ജി ഉറപ്പുനൽകി. ഡിജിറ്റൽ രേഖകളും സാക്ഷിമൊഴികളും ഉൾപ്പെടെ ദർശനെതിരെ പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയ പ്രമാദമായ കേസ്സാണിത്. കന്നഡസിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന, യുവാക്കളുടെ ആരാധനാപാത്രമായ സൂപ്പർ താരമാണ് ദർശൻ.
Photo Courtesy - Google











