
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറുമായ ആർ. സുഗതനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി നാലു മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു വൈകിട്ട് 5.30 വരെ മാത്രമാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കി സുഗതനെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
വെള്ളയിൽകടവിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന കേസിലാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട ആയുധങ്ങൾ കണ്ടെത്താനുണ്ടെന്നും അതിനായി രണ്ടുദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ കോടതി നാലു മണിക്കൂർ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു.
ഇതിനിടെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയെ അറിയിച്ചു. പരിശോധനയ്ക്കായി കൊണ്ടുപോയപ്പോൾ വട്ടിയൂർക്കാവ് പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നതിനെക്കുറിച്ച് കോടതി വിശദീകരണം തേടി. കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് വട്ടിയൂർക്കാവ് പൊലീസ് എന്തിനാണ് സുഗതനൊപ്പം പോയതെന്ന് കോടതി ചോദ്യം ചെയ്തു. ഈ സാഹചര്യമാണ് കസ്റ്റഡി സമയം പരിമിതപ്പെടുത്താൻ കാരണമായത്.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന സുഗതനെ കഴിഞ്ഞ ദിവസം വൈകിട്ടാണ് പൂജപ്പുരയിലേക്ക് എത്തിച്ചത്. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളയിൽകടവിൽ നടന്ന ആക്രമണക്കേസിൽ ഒന്നാം പ്രതിയാണ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതൻ. നാലു പ്രതികളുള്ള കേസിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടുപേർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ജൂൺ 9-ന് പൊലീസ് സുഗതന്റെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. തുടർന്ന് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിൽ പ്രതിഷേധം ശക്തമാണ്. കാപ്പ കേസിൽ ജാമ്യം ലഭിക്കാനായി സുഗതൻ അടുത്തിടെ കാപ്പ ഉപദേശക സമിതിയെ സമീപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി അയോഗ്യരാക്കിയ കൗൺസിലർമാരിൽ സുഗതനും ഉൾപ്പെട്ടിരുന്നു. ഒരു മാസത്തിനകം ജാമ്യം നേടി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്ത പക്ഷം കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്നും, അതോടെ കോർപറേഷനിൽ ബിജെപിയുടെ കേവല ഭൂരിപക്ഷത്തെയും അത് ബാധിക്കുമെന്നുമാണ് വിലയിരുത്തൽ.










