10:12pm 22 September 2026
NEWS
മുഖ്യമന്ത്രി വിജയ്ക്ക് വീണ്ടും കോടതി നോട്ടീസ്
22/07/2026  12:11 PM IST
nila
മുഖ്യമന്ത്രി വിജയ്ക്ക് വീണ്ടും കോടതി നോട്ടീസ്

 

തമിഴ്‌നാട്ടില്‍ രഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്ന ഒരു കേസാണ് മുഖ്യമന്ത്രി വിജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ള കേസ്. ചെന്നൈയിലുള്ള പെരമ്പൂര്‍ മണ്ഡലത്തിലെ ഡി.എം.കെ. സ്ഥാനാര്‍ഥിയായ ആർ.ഡി.ശേഖറും, രണ്ടു വോട്ടര്‍മാരും ചേർന്നാണ്  ഹര്‍ജി സമര്‍പ്പിച്ചത്. ഇവരുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വിജയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
 വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃത്രിമം കാണിച്ചു എന്നാണ് പരാതിക്കാരുടെ ആക്ഷേപം. വരുമാന മാര്‍ഗങ്ങളും, വരുമാനവും കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ചിരുന്നു. വിജയ്ക്ക് പുറമെ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വിജയ് വിശദമായ പ്രതികരണം അറിയിക്കണം എന്നാണ്  കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് വി.ലക്ഷ്മീ നാരായണന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ഹര്‍ജിയില്‍ വിജയ്ക്കും തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടീസ് കിട്ടിയില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പുതിയ നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിച്ചത്. പെരമ്പൂരിലും. ട്രിച്ചി ഈസ്റ്റിലും. രണ്ടിടത്തും മികച്ച വിജയം നേടിയ വിജയ് ട്രിച്ചി ഈസ്റ്റ് രാജിവച്ചു. പെരമ്പൂര്‍ എംഎല്‍എ പദവി നിലനിര്‍ത്തുകയും ചെയ്തു. ട്രിച്ചിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടെയാണ് പെരമ്പൂരിലെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img